18 June Monday

ദുരിതപ്പേമാരി: ഉരുള്‍പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല്‌പേര്‍ മരിച്ചു, രണ്ട് കുടുംബങ്ങളെ കാണാതായി; മലയോരമേഖല ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

കോഴിക്കോട് > കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു. താമരശേരിയില്‍ ഉരുല്‍പൊട്ടലില്‍ മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചു.

കട്ടിപ്പാറയില്‍ 12പേരെയാണ് കാണാതായത്. അതില്‍ 4 പേരെ രക്ഷപ്പെടുത്തി. രണ്ട് കുടുംബങ്ങളെയാണ് കണ്ടെത്താനുള്ളത്. അഞ്ച് വീടുകള്‍ അപ്രത്യക്ഷമായതായും കരുതുന്നു.

കരിഞ്ചോല സ്വദേശി ഹസന്റെ കുടുംബത്തിലെ 7 പേരെയും  , അബ്‌ദു‌റഹ്മാന്റെ കുടുംബത്തിലെ 4 പേരെയുമാണ് കാണാതായത്. ഇവര്‍ മണ്ണിനുള്ളില്‍പ്പെട്ടു പോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവമ്പാടി  ടൗണ്‍ അടക്കമുള്ള പ്രദേശം വെള്ളത്തില്‍ മുങ്ങി. കാരശേരി പഞ്ചായത്തിലെ താഴ്ന്ന പ്രദേശം വെള്ളത്തിനടിയിലായി.

കാരമൂല പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ അഞ്ച് ക്യാമ്പുകള്‍ക്കുപുറമെ മൂന്നിടത്തുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സേക്രഡ് ഹാര്‍ട് യുപി സ്‌കൂള്‍, ആസാദ് സ്‌കൂള്‍, ആനയാകുന്ന് ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍. ഓമശേരി നടമ്മല്‍പൊയില്‍, കെടയത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീട്ടുകാരെ ഒഴിപ്പിച്ചു.

കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.  പുല്ലൂരാംപാറ, ബാലുശേരി മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും  ഉരുള്‍പൊട്ടി. എന്നാല്‍ ഇവിടങ്ങളില്‍  ആളപായമില്ല.

താമരശേരിചുരത്തില്‍ മരം കടപുഴകി വീണു. തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. കര്‍ണാടക്, ലക്ഷ്വീപ്, കേരള തരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡ് ഗതാഗതം താറുമാറായി. രണ്ട് ദിവസമായി കോഴിക്കോടും വടക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു

ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും പ്രദേശങ്ങളിലേക്ക് തിരിച്ചു. കേന്ദ്ര ദുരന്ത് നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. കക്കയം ഡാം ഷട്ടറുകള്‍ ഒരു മണിക്കൂറിനുള്ളില്‍ തുറന്നവിടുമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. 

സ്‌‌‌കൂളുകള്‍ക്ക് അവധി

കനത്ത മഴയെത്തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പിഎസ്സി, സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top