17 November Saturday

വീടുകൾ മുങ്ങി, വാഹനങ്ങൾ ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കൊച്ചി > സിനിമകളിലും വീഡിയോകളിലും മാത്രം കണ്ടറിഞ്ഞ ഭീതിജനകമായ കാഴ‌്ചകൾ കൺമുന്നിൽ. ചുറ്റം വെള്ളത്തിന്റെ കുത്തിയൊഴുക്ക‌്. കരഭാഗങ്ങൾ കുറഞ്ഞുവന്നു. വീടുകളും കെട്ടിടങ്ങളും മണിക്കൂറുകൾക്കുള്ളിൽ വെള്ളം മറച്ചു. മുൻദിവസങ്ങളിൽനിന്ന‌് വ്യത്യസ‌്തമായിരുന്നു ബുധനാഴ‌്ചത്തെ കാഴ‌്ച. വെള്ളപ്പൊക്കം കാണാനും ഫോട്ടോ എടുക്കാനും കൗതുകത്തോടെ എത്തിയവരെ വ്യാഴാഴ‌്ച കണ്ടില്ല. എങ്ങും ദുരിതബാധിതരും രക്ഷാപ്രവർത്തകരും മാത്രം. കാഴ‌്ചകാണാനെത്തിയവർ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കണ്ടറിഞ്ഞ‌് രക്ഷാപ്രവർത്തകരായി. പൊലീസും പട്ടാളവും ഫയർഫോഴ‌്സും നാവികസേനാ അംഗങ്ങളും ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നൊരുമിച്ചുള്ള  പ്രവർത്തനം.

ആകാശത്ത‌് ഹെലികോപ്‌റ്ററുകൾ, റോഡിൽ ആംബുലൻസുകളും മറ്റു വാഹനങ്ങളും ചീറിപ്പായുന്നു. ബോട്ടുകളും വഞ്ചികളുമായി നീങ്ങുന്ന വാഹനങ്ങൾ. നാവികസേനയുടെയും പട്ടാളത്തിന്റെയും വാഹനങ്ങളും രക്ഷാകേന്ദ്രങ്ങളിലേക്ക‌്﹣ ഇതായിരുന്നു വ്യാഴാഴ‌്ചത്തെ കാഴ‌്ച. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ദുരിതത്തിനും രക്ഷാപ്രവർത്തനത്തിനുമാണ‌് ജില്ല സാക്ഷിയായത‌്. കളമശേരി ﹣ ആലുവ റോഡിൽ കമ്പനിപ്പടി മെട്രോസ‌്റ്റേഷനു താഴെ പെരിയാറിലെ വെള്ളം കുത്തിയൊഴുകി. പുഴയ‌്ക്കിരുകരയിലും എന്നപോലെ റോഡിൽ അപ്പുറവും ഇപ്പുറവും രക്ഷാപ്രവർത്തകർ.

വലിയ വാഹനങ്ങൾ മാത്രമാണ‌് ഉച്ചവരെ കടത്തിവിട്ടത‌്. ഉച്ചയ‌്ക്കുശേഷം അതും നിലച്ചു. ഉൾഭാഗത്തു കുടുങ്ങിപ്പോയവരെ ഡിങ്കിയിൽ കരയ‌്ക്കെത്തിച്ചുകൊണ്ടിരുന്നു. ഉൾഭാഗങ്ങളിൽ വീടിന്റെ രണ്ടാം നിലയിലും ടെറസിന്റെ മുകളിലുമായി അഭയം തേടിയവരെയാണ‌് രക്ഷപ്പെടുത്തിയത‌്. ഒറ്റനില വീടുകൾ പൂർണമായും മുങ്ങി. ചെറു വാഹനങ്ങൾ ഒലിച്ചുപോയി. ഏറെ ഭീതിതമായിരുന്നു വെസ‌്റ്റ‌് കടുങ്ങല്ലൂരിലെ കാഴ‌്ച. ഉച്ച കഴിഞ്ഞപ്പോൾ ഇവിടേക്ക‌് പട്ടാളമെത്തി.

റോഡിനു കുറുകെ വെള്ളം കുത്തിയൊഴുകി. റോഡും തോടും തമ്മിൽ തിരിച്ചറിയാനാകാത്ത സ്ഥിതി. കുന്നിൽ ശ്രീധർമശാസ‌്താ ക്ഷേത്രത്തിൽ അഭയം പ്രാപിച്ച അമ്പതോളംപേരെ വൈകിട്ട‌് രക്ഷപ്പെടുത്തി. ഏലൂർ ഗവ. എച്ച‌്എസ‌്എസിലെ ദുരുതാശ്വാസ ക്യാമ്പിൽ വെള്ളം കയറാൻ തുടങ്ങിയതോടെ ഇവിടെനിന്ന‌് ആളുകളെ കളമശേരി രാജഗിരിയിലേക്ക‌് മാറ്റി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top