23 September Sunday

കനത്ത മഴ : വട്ടവടയിൽ ശീതകാല പച്ചക്കറികൾക്ക് നാശം

കെ ടി രാജീവ‌്Updated: Sunday Jul 15, 2018



ഒരാഴ‌്ചയായി തിമിർത്തുപെയ്യുന്ന കനത്തമഴയിൽ വട്ടവടയിലെ ശീതകാല പച്ചക്കറികൾ അഴുകി നശിച്ചു തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട‌് കൃഷിയിറക്കിയ ക്യാരറ്റ്, കാബേജ്, മുള്ളങ്കി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ‌്  ഉൾപ്പെടെയുള്ള ശീതകാല വിളകളാണ് ചീഞ്ഞ‌് നശിക്കുന്നത‌്. സമതലങ്ങളിൽ കൂടുതലും കൃഷി ചെയ‌്തിരിക്കുന്ന ക്യാരറ്റിനാണ‌് ഏറെ നാശം ഉണ്ടായത‌്. താഴ‌്ന്ന പ്രദേശങ്ങളിലെ പച്ചക്കറി പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത‌് വിളകൾ വ്യാപകമായി അഴുകാനിടയാകുന്നു. ചിലന്തിയാർ മേഖലയിലെ പള്ളംവയൽ, ഇടമണൽ, കോവിലൂർ, വട്ടവട താഴ‌്‌വാരങ്ങൾ എന്നിവിടങ്ങളിലാണ‌് വെള്ളം കെട്ടിക്കിടന്ന‌്  കൃഷി നശിക്കുന്നത‌്‌. നേരിയ തോതിലുള്ള നൂൽ മഴയാണ് ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യം. ജൂൺ, ജൂലൈ മാസങ്ങളിൽ മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ നേരിയ തോതിലുള്ള മഴമാത്രമാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, ഇത്തവണ തുടർച്ചയായി പെരുമഴ പെയ്യുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. വട്ടവട, കാന്തല്ലൂർ മേഖലയിൽ നിന്നുള്ള പച്ചക്കറികൾ ഓണവിപണിയിലേക്ക് എത്തിയില്ലെങ്കിൽ വില ക്രമാതീതമായി ഉയരാനിടയാകും.

പച്ചക്കറി ഗ്രാമം എന്നറിയപ്പെടുന്ന വട്ടവടയിലെ വിവിധ വാർഡുകളിലായി 2230 ലേറെ കൃഷി കുടുംബ ഗ്രൂപ്പുകളാണുള്ളത‌്. 3500ലധികം ഹെക്ടറിൽ പച്ചക്കറികളും ആപ്പിൾ, സ‌്ട്രോബറി തുടങ്ങിയ പഴവർഗങ്ങളും കൃഷിചെയ്യുന്നുണ്ട‌്. കൂടാതെ അര ഏക്കർ മുതൽ രണ്ടര ഏക്കർ വരെയുള്ള കർഷകരുടെ പച്ചക്കറി കൃഷിയും ഈ മേഖലയിലുണ്ട‌്. പ്രതിവർഷം 60 ലക്ഷം മുതൽ 120 ലക്ഷം രൂപയുടെ പച്ചക്കറികളാണ‌് കർഷകരിൽനിന്നും സംഭരിച്ച‌് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽക്കുന്നത‌്.

പ്രധാന വാർത്തകൾ
Top