13 November Tuesday

കനത്ത മഴ തുടരുന്നു; നാശവും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


തിരുവനന്തപുരം
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. സംസ്ഥാനത്ത് കനത്ത ജാഗ്രതാനിർദേശമുണ്ട‌്. മഴക്കെടുതിയിൽ മലപ്പുറത്ത‌് രണ്ടരവയസ്സുകാരൻ തോട്ടിൽവീണ‌് മരിച്ചു. പെരിന്തൽമണ്ണ താഴേക്കോട‌് കാപ്പുപറമ്പിൽ കൂരിക്കുണ്ടിൽ തോട്ടാശേരി ഷംസുദ്ദീൻ‐ ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ‌് ഷാമിൽ ആണ‌് മരിച്ചത‌്.

അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ അങ്കണവാടി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ അവധിയാണ്‌. കോളേജുകൾക്ക്‌ അവധിയില്ല. ഇടുക്കി, വയനട‌് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

മലപ്പുറം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പരീക്ഷകൾക്ക‌് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ‌്. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ‌്ചമുതൽ വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.
കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾക്ക് സർവീസ് നടത്താം. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള‐ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിച്ചേക്കും. വയനാട് ജില്ലയിലാണ് കാലവർഷം ഏറ്റവും രൂക്ഷം.

18 ദുരിതാശ്വാസ ക്യാമ്പിലായി 712 പേരെ മാറ്റി പാർപ്പിച്ചു. ബാണാസുര സാഗറിലെയും കാരാപ്പുഴ ഡാമിലെയും ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 123.5 അടിയായി. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു.

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയിലെ മലയോരമേഖലകൾ ഒറ്റപ്പെട്ടു.

പ്രധാന വാർത്തകൾ
Top