19 September Wednesday

മഴ വീണ്ടും ; ഡാമുകൾ തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018


ഒരാഴ‌്ചയ‌്ക്കുശേഷം വീണ്ടും മഴ കനത്തതോടെ സംസ്ഥാനത്തെങ്ങും ജനജീവിതം വീണ്ടും ദുരിതത്തിലായി. ചൊവ്വാഴാഴ‌്ച രാത്രിമുതൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ പെയ്യുകയാണ‌്.  ഇതോടെ ജലാശയങ്ങളിൽ ജലനിരപ്പ‌് വീണ്ടും ഉയർന്നുതുടങ്ങി. പ്രളയക്കെടുതി തീരാത്ത ആലപ്പുഴ ജില്ലയിൽ പുന്നപ്ര പറവൂർ കിഴക്ക‌് അറുപതിൽ ചിറയിൽ മീനാക്ഷി (95) വീടിന‌് സമീപത്തെ തോട്ടിൽവീണ‌് മരിച്ചു.  ഇതോടെ കാലവർഷത്തിൽ ജില്ലയിൽ മരിച്ചവരുടെ എണ്ണം 14 ആയി. കുട്ടനാട‌് വീണ്ടും പ്രളയഭീതിയിലായി. കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ ശക്തിയാർജിക്കുന്നതും  കുട്ടനാട്ടിലെ വെള്ളപ്പൊക്ക മേഖലകളിൽനിന്ന‌് വെള്ളം പൂർണമായി ഇറങ്ങാത്തതും ആശങ്കയ‌്ക്ക‌് കാരണമായി.

പാലക്കാട‌്  ആലത്തൂർ തരൂരിൽ ഒരാളെ ഒഴുക്കിൽപ്പെട്ട‌് കാണാതായി. രാജനാണ‌് ഒഴുക്കിൽപ്പെട്ടത‌്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ബുധനാഴ‌്ച 18 സെന്റീമീറ്റർ കൂടി ഉയർത്തി. മംഗലം ഡാമും തുറന്നു.

തൃശൂർ ജില്ലയിൽ പീച്ചി, വാഴാനി, ഷോളയാർ ഡാമുകളിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കുതിരാനിൽ പുതുതായി നിർമാണം നടക്കുന്ന  ഇരട്ടത്തുരങ്കപ്പാതയിലെ കിഴക്കുവശത്തെ രണ്ടുകവാടങ്ങളിൽ ഒന്നിനുമുകളിൽ മണ്ണിടിഞ്ഞു. ഷോളയാർ ഡാമിലെ നാലുഷട്ടറുകൾ 46 അടിവരെ ഉയർത്തി. ഇതോടെ അതിരപ്പിള്ളിയിൽ കുത്തൊഴുക്ക് ശക്തമായി. ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.  തുമ്പൂർമൊഴി പാർക്ക് അടച്ചുപൂട്ടി.മലപ്പുറം  ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഉൾവനമായ കൊടുമ്പഴയിൽ ഉരുൾപൊട്ടി.കണ്ണൂർ ജില്ലയുടെ മലയോരമേഖലയിൽ വ്യാപകമായി ഉരുൾപൊട്ടി. കല്ലും മണ്ണും മരങ്ങളും കുത്തിയൊലിച്ച് നിരവധി വീടുകളും കടകളും തകർന്നു. റോഡുകൾ തകർന്ന് ഗതാഗതവും സ്തംഭിച്ചു. ശ്രീകണ‌്ഠപുരത്തും ഇരിട്ടിയിലും ഉരുൾപൊട്ടി.  മലയോരത്തെ പല പട്ടണങ്ങളും വെള്ളത്തിനടിയിലാണ‌്. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കാലവർഷം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് വയനാട്ടിൽ പെയ്യുന്നത്. ചൊവ്വാഴ്ച പകൽ മൂന്ന് മുതൽ ബുധനാഴ്ച മൂന്നുവരെ 153.34 മില്ലിമീറ്റർ മഴയാണ് പെയ്തത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബാണാസുരസാഗർ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു.

പ്രധാന വാർത്തകൾ
Top