24 September Monday

മഴക്കെടുതി: മരണം 33; വിദ്യാർഥിയടക്കം 6 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ചെറുതോണി ഡാമിന്റെ അഞ്ച്‌ ഷട്ടറുകൾ തുറന്നതോടെ ശക്തമായ വെള്ളപാച്ചിലിൽ തകർന്ന ചെറുതോണി ബസ്‌ സ്‌റ്റാൻഡ്‌

തിരുവനന്തപുരം > സംസ്ഥാനത്ത‌് ദിവസങ്ങളായി തുടരുന്ന മഴയ‌്ക്ക‌് ചില ജില്ലകളിൽ നേരിയ ശമനം. ഇടുക്കി അണക്കെട്ടിലേക്കുള്ള  നീരൊഴുക്ക്‌ കുറഞ്ഞു. ഇതോടെ ജലനിരപ്പ്‌ താഴ‌്ന്നുതുടങ്ങി. മഴക്കെടുതിയിൽ ഇതുവരെ മരിച്ചത‌് 33 പേർ. ആറുപേരെ കാണാതായി. കഴിഞ്ഞ ദിവസം 29 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴയിൽ രണ്ട‌് സ‌്ത്രീകളും ചിറയിൻകീഴിൽ രണ്ട‌് മത്സ്യത്തൊഴിലാളികളുമാണ‌് ശനിയാഴ‌്ച മരിച്ചത‌്. 32 പേർക്ക് പരിക്കേറ്റു. ഇടുക്കിയിൽ മൂന്നുപേരേയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും ആലപ്പുഴ വരട്ടാറിൽ 14കാരനെയും കാണാതായി.

ആലപ്പുഴ തകഴിയിൽ നെടുമുടി ജ്യോതി ജങ‌്ഷന് സമീപം ചെമ്മങ്ങാട് സി ജെ ചാക്കോയുടെ  ഭാര്യ  ജോളി ചാക്കോ (48), മകൾ സിജി മരിയാ ചാക്കോ (19) എന്നിവരാണ‌് മരിച്ചത‌്. ദിവസവും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിനെത്തുന്ന ഇവരെ ശനിയാഴ‌്ച കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ‌് മൃതദേഹങ്ങൾ കണ്ടത‌്.

ചിറയിൻകീഴിൽ മീൻപിടിക്കാനായി ബോട്ട‌് കടലിലിറക്കവെ ശക്തമായ തിരയിൽപ്പെട്ട‌് ബോട്ട‌് മറിഞ്ഞ‌് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് ചീലാന്തിമൂട്ടിൽ സഹായരാജു (57),  മുണ്ടുതുറവീട്ടിൽ കാർമൽ ലാസർ (70) എന്നിവരാണ‌് മരിച്ചത‌്. നാല‌ുപേർക്ക‌് പരിക്കേറ്റു.

തകർന്ന പാലങ്ങളും റോഡുകളും മറ്റും താൽക്കാലികമായി പുനർനിർമിക്കാനുള്ള അടിയന്തര നടപടികൾ സേനയുടെ സഹായത്തോടെ തുടരുകയാണ‌്. വിവിധ ജില്ലകളിലെ 513 ക്യാമ്പുകളിൽ 60622 പേരുണ്ട‌്. 1501 വീടുകൾ ഭാഗികമായും 101 വീട‌് പൂർണമായും നശിച്ചു.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട‌്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ നാവികസേനയും രംഗത്തുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top