18 August Saturday

മഴയിൽ 3 മരണം കൂടി ; 3 ജില്ലയിൽ ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഉരുൾപൊട്ടലിൽ തകർന്ന കണ്ണൂർ‐ഇരിട്ടി മാക്കൂട്ടം ചുരം റോഡ്‌



തിരുവനന്തപുരം
ശക്തമായി തുടരുന്ന മഴയിൽ സംസ്ഥാനത്തെങ്ങും വ്യാപകനാശം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌ ജില്ലകളിൽ ഉരുൾപൊട്ടി. വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ മൂന്നുപേർ മരിച്ചു.   ഒരാളെ കടലിൽ കാണാതായി.  നിരവധി പേർക്ക‌് പരിക്കേറ്റിട്ടുണ്ട‌്. കണ്ണൂർ ഇരിട്ടി  മാക്കൂട്ടം ചുരംപാതയിലുണ്ടായ ഉരുൾപൊട്ടലിൽ യുവാവ‌് മരിച്ചു.  വിളമന 29‐ാം മൈലിലെ ശരത്താണ് മരിച്ചത്.  മാക്കൂട്ടം പാലം തകർന്നതിനാൽ ഇരിട്ടി‐ ബംഗളൂരു അന്തർസംസ്ഥാന പാത അടച്ചു. വാഹനങ്ങൾ പേരാവൂർ‐ മാനന്തവാടി വഴി തിരിച്ചുവിട്ടു. മാക്കൂട്ടം ചെറിയ പാലം റോഡും പാലവും വെള്ളത്തിനടിയിലാണ്.

പത്തനംതിട്ട  തിരുവല്ലയിൽ  രണ്ടുപേർ വെള്ളത്തിൽവീണ് മരിച്ചു. നിരണം പനച്ചമൂട്ടിൽ വെള്ളംനിറഞ്ഞ പാടശേഖരത്തിൽവീണ് കൊല്ലംതാഴ്ചയിൽ കെ എം ഷാജഹാന്റെ മകൻ മുഹമ്മദ് ഷെറീഫ് (24), വെൺപാലയിൽ ആറ്റിൽ വീണ് നല്ലൂസ്ഥാനത്ത് മണലേട്ട് വീട്ടിൽ എൻ സി ഐസക് (82) എന്നിവരാണ് മരിച്ചത്. ഇടുക്കിയിൽ ചൊവ്വാഴ്‌ച ദുർബലമായിരുന്ന കാലവർഷം ബുധനാഴ്‌ച  വൈകിട്ടോടെ ശക്തി പ്രാപിച്ചു.  ഇതുവരെ  10 കോടിയുടെ കൃഷിനാശമുണ്ടായി.

മലപ്പുറത്ത‌് ടൂറിസം കേന്ദ്രമായ ആഢ്യൻപാറയ്ക്ക് സമീപം ഉൾവനത്തിൽ ഉരുൾപൊട്ടി. പൊന്നാനി അഴിമുഖത്തുനിന്നും കടലിൽപോയ ഫൈബർ വള്ളം മറിഞ്ഞ‌് അഞ്ചുടി സ്വദേശി കുട്ടിയമ്മുവിന്റെ പുരയ്ക്കൽ ഹംസ (65)യെ   കാണാതായി.

പാലക്കാട്  പലക്കയത്ത‌് ഉരുൾപ്പൊട്ടി രണ്ടുവീട‌് തകർന്നു.  ഭവാനിപ്പുഴയിൽ ജലനിരപ്പ‌് ഉയർന്നതിനെത്തുടർന്ന‌് തുരുത്തിൽ ഒറ്റപ്പെട്ട ദമ്പതിമാരെ രക്ഷപ്പെടുത്തി.  അട്ടപ്പാടി ചുരത്തിൽ മണ്ണിടിഞ്ഞ‌് കഴിഞ്ഞദിവസം തടസപ്പെട്ട വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട‌് ജില്ലയിൽ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായി  ഏഴിടങ്ങളിൽ ചൊവ്വാഴ‌്ച വൈകിട്ടുണ്ടായ ഉരുൾപൊട്ടലിൽ 1.75 കോടിയുടെ നാശമുണ്ടായി. ദുരിതബാധിതർക്കായി അഞ്ച്  ക്യാമ്പുകൾ ആരംഭിച്ചു. 
ആലപ്പുഴ  പുറക്കാട‌് 854 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റി.

പ്രധാന വാർത്തകൾ
Top