11 December Tuesday

മഴക്കെടുതി : പഴുതടച്ച രക്ഷാപ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലമുള്ള അസാധാരണ സ്ഥിതിവിശേഷം നേരിടാൻ കൈയും മെയ്യും മറന്നുള്ള രക്ഷ﹣ ദുരിതാശ്വാസ പ്രവർത്തനം. ദുരിതബാധിതരെ സഹായിക്കാൻ പഴുതുകളടച്ചുള്ള പ്രവർത്തനങ്ങളാണ‌് പുരോഗമിക്കുന്നത‌്. മുഖ്യമന്ത്രിയുടെ ഓഫീസ‌് നേരിട്ട‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഉന്നതതലയോഗങ്ങൾ ചേർന്ന‌് സ്ഥിതിഗതി വിലയിരുത്തുന്നു.

ദുരിതബാധിത ജില്ലകളിൽ  വകുപ്പുകളുടെ ഏകോപനത്തിന‌് മന്ത്രിമാർ നേതൃത്വം നൽകുന്നു. പൊലീസ‌്, ഫയർഫോഴ‌്സ‌് തുടങ്ങി എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തുണ്ട‌്. കര, വ്യോമ, നാവിക സേനകൾക്കൊപ്പം കോസ‌്റ്റ‌്ഗാർഡും രക്ഷ﹣ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ സഹായിക്കാൻ ദേശീയ ദുരന്തനിവാരണസേനയും (എൻഡിആർഎഫ്) പ്രതിരോധസേനാംഗങ്ങളും രംഗത്തെത്തി. എൻഡിആർഎഫിന്റെ 14 സംഘങ്ങളാണ് വിവിധ ജില്ലകളിൽ എത്തിയത്. പെരിയാറിൽ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്ക് മാറ്റി. നേരത്തെതന്നെ ആലുവയിൽ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണിയിലും വാത്തിക്കുടിയിലും ഓരോ ടീമിനെ നിയോഗിച്ചു. കോഴിക്കോട്ടുനിന്ന് മറ്റൊരു സംഘം തൃശൂരിലേക്ക് നീങ്ങി. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റു ടീമുകൾ. ആരക്കോണത്തുനിന്നുള്ള 90 അംഗ സംഘവും ഗുണ്ടൂരിൽനിന്നുള്ള 15 അംഗ സംഘവും കൊച്ചി നേവൽ ബേസിലെത്തി.

നാവികസേനയുടെ 15 മുങ്ങൽവിദഗ‌്ധരടക്കമുള്ള സംഘം മലപ്പുറത്തുണ്ട്. അഞ്ച് നേവി ഡൈവർമാരടങ്ങുന്ന 36 അംഗ സംഘത്തെ വയനാട്ടിൽ വിന്യസിച്ചു. ടെറിട്ടോറിയൽ ആർമിയുടെ 60 അംഗ സംഘവും ഇവിടെയുണ്ട്. നിലമ്പൂർ ചുങ്കത്തറയിൽ കരസേനയുടെ ഒരു വ്യൂഹവും  ഇടുക്കി ദേവികുളത്ത് മറ്റൊരു വ്യൂഹവുമുണ്ട്. ഓഫീസർമാർ ഉൾപ്പെടെയുള്ള 105 അംഗ ടീം കണ്ണൂരിലും സജ്ജരാണ‌്. കരസേനയുടെ എട്ട‌് വ്യൂഹങ്ങളാണ‌് വിവിധ ജില്ലകളിലായുള്ളത‌്. പാങ്ങോട്ടുനിന്ന‌് കൂടുതൽ സൈനികരെ ജില്ലകളിലേക്ക‌് അയക്കും.

എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ സേവനം ലഭ്യമാക്കി. മൂന്ന് എഎൽഎച്ച് ഹെലികോപ്റ്ററുകളും രണ്ട് എംഐ 17 വി ഹെലികോപ്റ്ററുകളും നാല് എഎൻ 32ഉം, രണ്ട് ആർട്ടിലറി യൂണിറ്റുകളും ഒരു മദ്രാസ് റെജിമെന്റ് യൂണിറ്റും ദുരിതാശ്വാസ പ്രവർത്തനത്തിനുണ്ട‌്.

ബംഗളൂരുവിൽനിന്നുള്ള മിലിട്ടറി എൻജിനിയറിങ‌് ഗ്രൂപ്പിന്റെ 37 അംഗ സംഘം മലപ്പുറത്തുണ്ട്. 37 അംഗങ്ങളുള്ള മറ്റൊരു സംഘത്തെ ഇടുക്കിയിലേക്ക് മാറ്റി. ഹൈദരാബാദിൽനിന്നുള്ള 32 ഓഫീസർമാരുടെ സംഘത്തെ ആലുവയിലെത്തിച്ചു.

എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡ് സംഘവും ദുരിതാശ്വാസപ്രവർത്തനം ആരംഭിച്ചു. ചെല്ലപട്ടണത്ത് പതിനാലംഗ സംഘവും ആലുവയിൽ 12 അംഗ സംഘവും പ്രവർത്തിക്കുന്നു. മറ്റൊരു സംഘം ബേപ്പൂരിൽനിന്ന് മുനമ്പത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ടീമിനെ കൊച്ചിയിൽ അടിയന്തരസാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top