26 September Wednesday

കുട്ടനാടിന‌് ആശ്വാസം പകർന്ന‌് ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ആലപ്പുഴ
പ്രളയക്കെടുതിക്കിടെ പകർച്ചവ്യാധി ഭീഷണി നിഴലിക്കുന്ന കുട്ടനാടൻമേഖലയിൽ  ആശ്വാസത്തിന്റെ ‘മരുന്നുപുരട്ടി’ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സന്ദർശനം.  മഴയും വെള്ളക്കെട്ടും  ദുരിതം വിതച്ച കുട്ടനാട്ടിൽ പകർച്ചവ്യാധി പടരാതിരിക്കാനുള്ള ഉൗർജിതമായ പ്രവർത്തനത്തിന‌് നേത‌ൃത്വം നൽകാനായിരുന്നു മന്ത്രിയുടെ സന്ദർശനം.  രോഗപ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനും നിർദേശം നൽകിയാണ‌് മന്ത്രി മടങ്ങിയത‌്. ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ഓർമപ്പെടുത്തി. 

ക്യാമ്പംഗങ്ങൾക്ക‌് നിർദേശം നൽകിയും ആശ്വാസം പകർന്നും മന്ത്രി അവരിലൊരാളായി. കൈനകരി കുപ്പപ്പുറം ഗവ. ഹൈസ‌്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്കായിരുന്നു മന്ത്രി ആദ്യം എത്തിയത‌്. ക്യാമ്പിൽ ഭക്ഷണവും മരുന്നുമെല്ലാം കിട്ടുന്നുണ്ടെന്ന‌് സ‌്ത്രീകൾ അറിയിച്ചു.  സ‌്കൂൾ  പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. 100 ശതമാനം വിജയം നേടിയ സ‌്കൂളാണിതെന്ന‌് ഒപ്പമുണ്ടായിരുന്ന സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ മന്ത്രിയോട‌് പറഞ്ഞു. കുപ്പപ്പുറം സ‌്കൂളിൽ എല്ലാ ക്ലാസ‌് മുറികളിലും  വെള്ളം കയറിയിട്ടുണ്ട‌്. വെള്ളം കയറാത്ത ഉയരമുള്ള കെട്ടിടത്തിലാണ‌് ക്യാമ്പ‌്.  കിടപ്പുരോഗികൾ അവിടെ കിടപ്പുണ്ടെന്ന‌് പറഞ്ഞപ്പോൾ വള്ളത്തിൽ മന്ത്രി അവർക്കരികിലെത്തി. മരുന്നും മറ്റു സൗകര്യങ്ങളും നൽകുമെന്ന‌് മന്ത്രി അവർക്ക‌് ഉറപ്പുനൽകി. കുട്ടികളോടും മന്ത്രി കുശലം ചോദിച്ചു. പിന്നീട‌് കുപ്പപ്പുറം പിഎച്ച‌്സിയിലും മന്ത്രിയെത്തി. ഇവിടെ പുതിയ ലാബിന്റെ ഉദ‌്ഘാടനവും മന്ത്രി നിർവഹിച്ചു. എൻഎസ‌്എസ‌് ജെട്ടിയിലെ ക്യാമ്പിലെത്തിയും മന്ത്രി എല്ലാവരെയും കണ്ടു. കുട്ടനാട്ടിൽ  മഴക്കെടുതികൾ നേരിടുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നതായി  മന്ത്രി   പറഞ്ഞു.  രണ്ട് ലക്ഷത്തോളം ക്ലോറിൻ ടാബ‌്‌ലറ്റ‌്, വളം കടിക്കുള്ള മരുന്ന്, അത്യാവശ്യമരുന്നുകൾ എന്നിവ സ‌്റ്റോക്ക് ചെയ‌്തിട്ടുണ്ട്. ഫ്‌ളോട്ടിങ് ഡിസ്‌പെൻസറികൾ, ബോട്ടുകൾ എന്നിവ ഉപയോഗിച്ച്  മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട‌്.  ആരോഗ്യ വകുപ്പ് ഡയറക‌്ടർ ഡോ. ആർ എൽ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക‌്ടർ ഡോ. റംലാബീവി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാംലാൽ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ജമുന വർഗീസ്, എൻഎച്ച്എം സ‌്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. നിത വിജയൻ, ജില്ലാ മാനേജർ ഡോ. രാധാക‌ൃഷ‌്ണൻ എന്നിവരും  മന്ത്രിക്കൊപ്പം എത്തിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top