28 May Monday

കാര്‍ഷിക തകര്‍ച്ചയ്ക്ക് ബദല്‍ ഹരിത കേരളം

സ്വന്തം ലേഖകന്‍Updated: Sunday Aug 13, 2017

തിരുവനന്തപുരം > പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായി കാര്‍ഷികമേഖലയിലുണ്ടായ നിക്ഷേപത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലാണ്് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയെന്ന് എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച 'ധനമേഖലാ പരിഷ്കാരങ്ങളുടെ കാല്‍നൂറ്റാണ്ട്' സെമിനാര്‍ വിലയിരുത്തി. കാര്‍ഷികമേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ബദലിനുള്ള സാധ്യതകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തേടുന്നത്. ഇത് വിജയത്തിലേക്ക് എത്തുന്നുവെന്ന് ഒരുവര്‍ഷത്തെ അനുഭവം വ്യക്തമാക്കുന്നതായും സെമിനാര്‍ വിലയിരുത്തി. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷനുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കൃഷി ലാഭകരമല്ലെന്ന ന്യായം ഉയര്‍ത്തി പിന്‍വാങ്ങിയ സ്വകാര്യസംരംഭകര്‍ക്കാണ് ഹരിതകേരളം മറുപടി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 3000 ഏക്കര്‍ ഭൂമിയില്‍ പുതുതായി നെല്‍ക്കൃഷി ആരംഭിച്ചു. 15,000 ഏക്കറിലാണ് ജൈവപച്ചക്കറി. കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുന്നു. കാര്‍ഷികവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് ഹരിതകേരളം പദ്ധതി.

പൊതുമേഖല വ്യവസായങ്ങളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റിയ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള ബദലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 13 പൊതുമേഖല സ്ഥാപനങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലായി. എന്നാല്‍, കേന്ദ്ര പൊതുമേഖലയെയാകെ വിറ്റുതുലയ്ക്കാനാണ് മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നവ ഉദാരവല്‍കരണനയങ്ങളുടെ തുടര്‍ച്ചയാണിത്. 25,000 കോടി രൂപയുടെ ആസ്തിയുള്ള കൊച്ചി കപ്പല്‍നിര്‍മാണകേന്ദ്രം 6000 കോടിക്ക് സ്വകാര്യമേഖലയ്ക്ക് തീറെഴുതാനാണ് ശ്രമം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി തുടങ്ങി എല്ലാം വില്‍ക്കാനാണ് നീക്കം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ എങ്ങനെ സംരക്ഷിക്കാമെന്ന് കാട്ടിക്കൊടുത്തു. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തനലാഭത്തിലാക്കി. ഇവയുടെ ലാഭം ഉപയോഗിച്ച് പത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ക്കുകൂടി തുടക്കമിട്ടു. ശേഷം വന്ന യുഡിഎഫ് വീണ്ടും അഴിമതിയും സ്വജനപക്ഷപാതവും തുടര്‍ന്നതോടെ ഇവ വീണ്ടും തകര്‍ച്ചയുടെ വക്കിലായി. വി എസ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 242 കോടി രൂപവരെ ലാഭം നല്‍കിയ സ്ഥാപനങ്ങളെയാണ് യുഡിഎഫ് സര്‍ക്കാര്‍ നഷ്ടത്തിലാക്കിയത്. ഇപ്പോള്‍ വീണ്ടും ലാഭത്തിലേക്ക് എത്തുന്നുവെന്നതാണ് യാഥാര്‍ഥ്യം.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രൊഫ. സി പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എഐഐഇഎ ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് മിശ്ര, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍, ബെഫി അഖിലേന്ത്യ പ്രസിഡന്റ് സി ജെ നന്ദകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം എന്നിവര്‍ സംസാരിച്ചു. എ കെ ജി പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ എ വിജയരാഘവന്‍ സ്വാഗതവും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top