25 September Tuesday

ഹനാന‌് എതിരെയുള്ള സൈബർ ആക്രമണം ജനാധിപത്യ വിരുദ്ധം: ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


കൊച്ചി

ഹനാൻ എന്ന പെൺകുട്ടിക്കും  വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈനും എതിരെ നടന്ന സൈബർ ആക്രമണം ജനാധിപത്യവിരുദ്ധവും  വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പീനത്തിനും സ്വന്തം കുടുംബത്തിന്റെ നിലനിൽപ്പിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പെൺകുട്ടിയാണ് ഹനാൻ. സംഘംചേർന്ന് വ്യക്തിഹത്യ നടത്താനും ലൈംഗികാധിക്ഷേപങ്ങൾ നടത്താനും കിംവദന്തികൾ പ്രചരിപ്പിക്കാനും മറ്റും സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്ന ക്രിമിനൽ മനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഫാസിസമടക്കമുള്ള ജനവിരുദ്ധാശയങ്ങൾ സമർഥമായി ചൂഷണം ചെയ്യുന്ന ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വ്യാജസന്ദേശങ്ങളിലൂടെ വർഗീയകലാപങ്ങളും ആൾക്കൂട്ടകൊലപാതകങ്ങളും  സൃഷ്ടിച്ചെടുക്കുന്ന വാർത്തകൾ വരുന്നുണ്ട്. മതവർഗീയതയും ഭീകരവാദവും ചേർന്ന് കേരളത്തിന്റെ മണ്ണിലും മേൽവിലാസമില്ലാത്ത വാട്സ്ആപ് സന്ദേശങ്ങളിലൂടെ വ്യാജഹർത്താലിനും കലാപങ്ങൾക്കും കോപ്പ് കൂട്ടി. മദ്യവും മയക്കുമരുന്നും പ്രചരിപ്പിക്കാനുള്ള വേദിയായി സമൂഹമാധ്യമങ്ങളെ അധഃപതിപ്പിക്കാനുള്ള നീക്കവും കേരളത്തിനപമാനമായി.

ഏകാധിപത്യരാജ്യങ്ങളിലടക്കം ജനാധിപത്യത്തിന്റെ തിരിനാളം കൊളുത്താനും സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ തുറന്നിടാനും സഹായിച്ച വലിയ ഒരു സാധ്യതയാണ് സോഷ്യൽ മീഡിയ. വാർത്തകളുടെ ഉറവിടവും ചർച്ചകളുടെ ഭാഗവുമായി മാറി ജനാധിപത്യക്രമത്തിൽ സജീവമായ പങ്കു വഹിക്കാനുള്ള അവസരം നവമാധ്യമങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. ആ ഇടത്തെ സർഗാത്മകമായി വികസിപ്പിച്ചെടുക്കേണ്ട കടമ നാം ഓരോരുത്തരും ഏറ്റെടുക്കണം. അതോടൊപ്പം കുറ്റക്കാരെ കർശനമായി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം. വിരുദ്ധാശയങ്ങൾ വച്ച്പുലർത്തുന്നവരടക്കം പരസ്പരബഹുമാനത്തോടെ അഭിപ്രായങ്ങൾ പങ്കു‌വയ‌്ക്കുന്ന സാംസ്‌കാരിക ഇടമായി സമൂഹമാധ്യമങ്ങളെ പുതുക്കിപ്പണിയാനുള്ള സമയമാണിത്. ഹനാന് എല്ലവിധ പിന്തുണയും ഡിവൈഎഫ്ഐ നൽകുമെന്ന് ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസും സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാറും പ്രസ്താവനയിൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top