20 July Friday

കേരളത്തിന് മതിയായ ഹജ്ജ് ക്വാട്ട അനുവദിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

കൊച്ചി > കേരളത്തിന് മതിയായ ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണം വളരെക്കൂടുതലാണ്. എണ്ണത്തിനനുസരിച്ച് ക്വാട്ട അനുവദിക്കണം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് ഒരുക്കിയ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം നാളെ (ആഗസ്റ്റ് 13)പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു യാത്ര തിരിക്കും.

ഹജജ് തീര്‍ത്ഥാടകര്‍ക്കായുള്ള സേവനങ്ങള്‍ നല്കുന്നതില്‍ കേരളമോഡല്‍ മാതൃകാപരമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യമൊരുക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. ഇത്തവണ കേന്ദ്ര പരിശീലനം ലഭിക്കാത്തവര്‍ക്കായി കേരളത്തില്‍ പരിശീലനം നല്കിയിരുന്നു. തീര്‍ത്ഥാടകരുടെ ശിരോവസ്ത്രത്തിനു പുറകില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ മാതൃകയും ഹജ് വോളന്റിയേഴ്സിന്റെ ഫോണ്‍നമ്പറും നല്കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്കാവശ്യമായ പ്രതിരോധമരുന്നുകള്‍ നല്കാന്‍ ആരോഗ്യവകുപ്പും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 1.25 ലക്ഷം പേരാണ് ഹജ്ജിനായി പോകുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് 11,800 പേര്‍ക്ക് പോകാനുള്ള സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇതില്‍ 305 പേര്‍ ലക്ഷദ്വീപില്‍ നിന്നും 32 പേര്‍ മാഹിയില്‍ നിന്നുമാണ്. രണ്ടു വയസ്സില്‍ താഴെയുള്ള 28 കുഞ്ഞുങ്ങളുമുണ്ട്. ഹജ്ജ് യാത്രാരേഖകളുടെ വിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ ടി ജലീല്‍ അദ്ധ്യക്ഷനായിരുന്നു.

സമൂഹത്തിലെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കം ദൈവനിന്ദയാണെന്നും വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാം. മതപരിവര്‍ത്തനം സ്വര്‍ഗത്തിലെത്തുന്നതിനുള്ള മാനദണ്ഡമായി ഒരു പ്രവാചകനും പറഞ്ഞിട്ടില്ല. സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന ദുഷ്ടശക്തികളുടെ ശ്രമം തടയാന്‍ ജാഗ്രത പാലിക്കണം. മതഭ്രാന്ത് തടയാന്‍ മതനിരപേക്ഷ വാദികളുമായി കൈകോര്‍ക്കണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

മതവിശ്വാസികള്‍ കൂടുതലുള്ള നാട്ടില്‍ കുറ്റകൃത്യങ്ങളും കുറയണം. മതവിശ്വാസികള്‍ കൂടുതല്‍ ഉള്ളതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ല. വിശ്വാസികള്‍ക്ക് പ്രാമുഖ്യമുള്ള ഇവിടെ എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ കുറയാത്തതെന്ന് ചിന്തിക്കണം. അനര്‍ഹമായത് കൈപ്പറ്റുന്നതും വിശ്വാസികള്‍ക്ക് ദൈവനിന്ദയാണ്. അനര്‍ഹമായി കൈപ്പറ്റിയ ബിപിഎല്‍ കാര്‍ഡുള്ള എത്ര വിശ്വാസികള്‍ അവ തിരികെ നല്കിയിട്ടുണ്ടെന്നും മന്ത്രി ചോദിച്ചു.

അടുത്ത തവണ ഹജ് ക്യാംപ് കരിപ്പൂരിലാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും കെ.ടി. ജലീല്‍ അറിയിച്ചു. എംപിമാരായ കെ വി തോമസ്, ഇന്നസെന്റ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഇ ടി മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, കെ വി അബ്ദുള്‍ ഖാദര്‍, വി അബ്ദുറഹിമാന്‍, റോജി എം ജോണ്‍, പിടിഎ റഹീം, അന്‍വര്‍ സാദത്ത്, പി അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എക്സിക്യൂട്ടീവ് ഓഫീസര്‍ അമിത് മീണ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,  ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹുസൈന്‍ മടവൂര്‍, കെ.കെ അബൂബക്കര്‍, സിപി കുഞ്ഞുമുഹമ്മദ്, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top