Top
24
Wednesday, May 2017
About UsE-Paper
വിദ്യാഭ്യാസ- ആരോഗ്യ മേഖലകള്‍ക്ക് സേവനനികുതി ഇല്ല

ധാന്യം, പാല്‍, പച്ചക്കറി ജിഎസ്ടിക്കു പുറത്ത്

Friday May 19, 2017
എം പ്രശാന്ത്


ന്യൂഡല്‍ഹി > ഭക്ഷ്യധാന്യങ്ങള്‍, പാല്‍, മുട്ട, മല്‍സ്യം, മാംസം, തൈര്, പച്ചക്കറി, ഉപ്പ്, സസ്യ എണ്ണ, ശര്‍ക്കര തുടങ്ങിയ അവശ്യവസ്തുക്കളെ ചരക്ക് സേവന നികുതിയില്‍നിന്ന് ഒഴിവാക്കി. വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ മേഖലകളെയും സേവനനികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി. ചരക്കുകളുടെ നികുതി നിരക്കിന് സമാനമായി നാലു സ്ളാബിലായി വിവിധ സേവനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ടെലികോമിനും ബാങ്കിങ് ഉള്‍പ്പെടെയുള്ള ധനസേവനങ്ങള്‍ക്കും 18 ശതമാനമായിരിക്കും നികുതി നിരക്ക്. ഗതാഗത സേവനങ്ങള്‍ക്ക് പൊതുവില്‍ അഞ്ചു ശതമാനമാണ് നിരക്ക്. എന്നാല്‍ മെട്രോ, ലോക്കല്‍ ട്രെയിന്‍, നോണ്‍ എസി ട്രെയിന്‍, ഹജ്ജ് ഉള്‍പ്പെടെയുള്ള മതപരമായ യാത്രകള്‍ എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കി. 1211 ചരക്കുകളുടെ സേവന നിരക്കിന്റെ കാര്യത്തില്‍ കൌണ്‍സില്‍ വ്യാഴാഴ്ച ധാരണയിലെത്തിയിരുന്നു.

സ്വര്‍ണം, ബീഡി, പാദരക്ഷകള്‍, ബിസ്കറ്റ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍, പായ്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ എന്നീ ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്കുകളില്‍ ധാരണയായിട്ടില്ല. ഇവയുടെ നികുതി തീരുമാനിക്കുന്നതിന് ജിഎസ്ടി കൌണ്‍സില്‍ ജൂണ്‍ മൂന്നിന് വീണ്ടും യോഗം ചേരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവില്‍ പല സേവനങ്ങളുടെയും 15 ശതമാനമായിരുന്ന നികുതി നിരക്ക് 18 ശതമാനത്തിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍, ഉപയോഗിച്ച ഉല്‍പ്പന്നങ്ങളുടെ ഇന്‍പുട് നികുതി ക്രെഡിറ്റ് കുറയ്ക്കുമെന്നതിനാല്‍ യഥാര്‍ഥത്തില്‍ അടയ്ക്കേണ്ടിവരുന്ന നികുതി നിരക്ക് തുലോം കുറവായിരിക്കുമെന്നും ഐസക് പറഞ്ഞു.

റേസ് ക്ളബ്, ബെറ്റിങ്, സിനിമാ ഹാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയവ 28 ശതമാനമെന്ന ഉയര്‍ന്ന സേവനനികുതി നിരക്കില്‍ ഉള്‍പ്പെടും. എസി റെസ്റ്റോറന്റുകള്‍ക്കും മദ്യം വിളമ്പുന്ന ഭക്ഷണശാലകള്‍ക്കും 18 ശതമാനമായിരിക്കും നികുതി. നോണ്‍ എസി ഭക്ഷണശാലകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും 12 ശതമാനമാണ് സേവന നികുതി. 50 ലക്ഷമോ അതില്‍ താഴെയോ പ്രതിവര്‍ഷം വിറ്റുവരവുള്ള ഭക്ഷണശാലകള്‍ക്ക് അഞ്ചു ശതമാനമായിരിക്കും നികുതി. അയ്യായിരത്തിനു മുകളില്‍ മുറിവാടകയുള്ള ഹോട്ടലുകള്‍ 28 ശതമാനവും 2500-5000 നിരക്കില്‍ വാടകയുള്ളവര്‍ 18 ശതമാനവും 1000-2000 നിരക്കില്‍ വാടകയുള്ളവര്‍ 12 ശതമാനവും സേവനനികുതി നല്‍കണം. ആയിരത്തില്‍ താഴെയാണ് മുറിവാടകയെങ്കില്‍ നികുതിയുണ്ടാകില്ല.

എസി ട്രെയിന്‍ ഉള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങള്‍ക്ക് അഞ്ചുശതമാനമാണ് സേവന നികുതി. യൂബര്‍, ഒല തുടങ്ങിയ ടാക്സി സേവനങ്ങള്‍ക്കും ഇതേ നിരക്കാണ്. നിലവില്‍ ആറുശതമാനമായതിനാല്‍ ടാക്സി സേവനങ്ങളുടെ നിരക്കില്‍ കുറവ് വന്നേക്കും. ഇക്കോണമി ക്ളാസ് വിമാന യാത്രയ്ക്ക് അഞ്ചുശതമാനവും ബിസിനസ് ക്ളാസിന് 12 ശതമാനവുമായിരിക്കും സേവന നികുതി. ഓണ്‍ലൈന്‍ വിപണി ഇടപാടുകാരായ ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയവ വിതരണക്കാര്‍ക്ക് പണം നല്‍കുമ്പോള്‍ ഒരു ശതമാനം ടിസിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) കുറയ്ക്കണം.

1211 ചരക്ക് ഉല്‍പ്പന്നങ്ങളില്‍ ഭക്ഷ്യധാന്യം ഉള്‍പ്പെടെ ഏഴു ശതമാനം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനം ഉല്‍പ്പന്നങ്ങള്‍ അഞ്ചു ശതമാനം സ്ളാബിലും 17 ശതമാനം ഉല്‍പ്പന്നങ്ങള്‍ 12 ശതമാനം സ്ളാബിലും 43 ശതമാനം ഉല്‍പ്പന്നങ്ങള്‍ 18 ശതമാനം സ്ളാബിലും 19 ശതമാനം ഉല്‍പ്പന്നങ്ങള്‍ 28 ശതമാനം സ്ളാബിലുമാണ് ഉള്‍പ്പെടുക. പൊട്ട്, സിന്ദൂരം, കുപ്പിവള, കൈത്തറി, കേള്‍വിസഹായി, കൈകൊണ്ട് നിര്‍മിക്കുന്ന സംഗീതോപകരണങ്ങള്‍ എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാപ്പി, തേയില, നിലക്കടല, മത്സ്യം, പഞ്ചസാര, കല്‍ക്കരി, ബയോഗ്യാസ് പ്ളാന്റ്, കാറ്റാടിയന്ത്രങ്ങള്‍, മണ്ണെണ വിളക്ക്, കുട, എല്‍പിജി, റേഷന്‍ മണ്ണെണ, ചൂല്‍, പാല്‍പൊടി, കുട്ടികള്‍ക്കുള്ള പാല്‍പൊടി, ന്യൂസ്പ്രിന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അഞ്ചുശതമാനം സ്ളാബിലാണ്.