19 September Wednesday

വാഴച്ചങ്ങാടം തുഴഞ്ഞ‌് ജീവിതത്തിലേക്ക‌്

എം വി പ്രദീപ‌്Updated: Tuesday Aug 21, 2018

ചെങ്ങന്നൂർ > ബുധനാഴ‌്ച സന്ധ്യയോടെയാണ‌് പാണ്ടനാട് മണ്ണാറത്തറ കോളനിയിലേക്ക‌് വെള്ളം ഇരമ്പിയെത്തിയത‌്.  300 ഓളം പേർ  വെള്ളപ്പൊക്കത്തെത്തുടർന്ന് ആദ്യം അഭയം പ്രാപിച്ചത് അടുത്ത കമ്യൂണിറ്റി ഹാളിൽ. അതിൽ കൈക്കുഞ്ഞുങ്ങൾമുതൽ കിടപ്പുരോഗികൾവരെ. പിറ്റേന്ന് പുലർച്ചയായതോടെ വീണ്ടും വെള്ളമുയരാൻ തുടങ്ങി. കൂട്ടമരണം മുന്നിൽക്കണ്ട യുവാക്കൾ  കയർ മരങ്ങളിൽ കെട്ടി അതിലുടെ ഇറങ്ങി സമീപത്തെ വാഴകൾ ഒന്നൊന്നായി വെട്ടിയെടുത്തു. ഏഴ് ചങ്ങാടങ്ങൾ ഉണ്ടാക്കി. സ‌്ത്രീകളെയും കുഞ്ഞുങ്ങളെയും ചങ്ങാടത്തിൽ കയറ്റി  സമീപത്തെ കുറച്ചുകൂടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ ഓഫീസ് മുറിയിൽ കയറ്റി. സ‌്ത്രീകളെയും കുഞ്ഞുങ്ങളെയും അവിടെ എത്തിച്ചപ്പോഴേക്കും കമ്യൂണിറ്റി ഹാൾ മുങ്ങി.

പുരുഷൻമാർ നീന്തി ക്ഷേത്രഭിത്തിയുടെ മുകളിൽ കയറി. കഷ‌്ടിച്ച് 70 പേർക്കുപോലും നിൽക്കാൻ കഴിയാത്തിടത്ത് 300 പേർ മൂന്നു ദിവസം ഇരുന്നു.  ഒരു നിമിഷംപോലും ആരും കണ്ണടച്ചില്ല.  വിശപ്പ് സഹിക്കാനാകാതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചിലകറ്റാൻ പലരും പാടുപെട്ടു. അവശരായ കുട്ടികൾക്ക് അമ്മമാർ തോർത്തിൽ പിഴിഞ്ഞെടുത്ത മഴവെള്ളം ഗ്ലാസിൽ ഒഴിച്ച് മെഴുകുതിരി കത്തിച്ചുപിടിച്ച് ചൂടാക്കി നൽകി. മൂന്നാം ദിവസം കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്ന് ബോട്ടുകളുമായെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇത്രയും പേരെ രക്ഷിച്ചത്.

മത്സ്യത്തൊഴിലാളികൾ എവിടത്തുകാരാണെന്ന് പാണ്ടനാട് മണ്ണാറത്തറ കോളനിക്കാർക്ക് അറിയില്ല. പക്ഷേ ഒന്നറിയാം. ജീവൻ തിരിച്ചുനൽകിയത‌് അവരാണ‌്. മലവെള്ളപ്പാച്ചിലിനെ മനക്കരുത്തുകൊണ്ട് അതിജീവിച്ചെത്തി വള്ളങ്ങളിലേക്ക് ഓരോരുത്തരെയായി വലിച്ചുകയറ്റുമ്പോൾ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു പാണ്ടനാട്ടുകാർ. പാണ്ടനാട് പഞ്ചായത്തിൽ മുങ്ങാൻ ബാക്കിയുണ്ടായിരുന്നത് നാമമാത്ര പ്രദേശങ്ങൾ. 

നാട്ടുകാരായ യുവാക്കളുടെ മരണഭയം കൂസാതെയുള്ള രക്ഷാപ്രവർത്തനവും അന്യനാടുകളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളുമാണ്  ജനങ്ങളെ മഹാപ്രളയത്തിൽനിന്ന്  രക്ഷിച്ചത്.

എല്ലാവരും ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജിലെ ക്യാമ്പിലാണിപ്പോൾ. ‘‘ഇവിടെനിന്ന് എന്ന് മടങ്ങാനാകുമെന്ന് അവർക്കറിയില്ല. പാണ്ടനാട് എല്ലാ പ്രദേശങ്ങളിലും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല.  വീടുകളിൽ ചളിക്കുളമാണ‌്.  ക്യാമ്പിൽ ഒന്നിനും ഒരു കുറവുമില്ല. എല്ലാവരും ഒപ്പമുള്ളതുകൊണ്ടാണ് ജീവൻ ബാക്കിയായത്’’.  പാണ്ടനാട്ടെ സ‌്ത്രീകളുടെമാത്രം വാക്കുകളല്ലിത്, പ്രളയത്തെ അതിജീവിച്ച ലക്ഷക്കണക്കിനാളുകളുടെ അനുഭവസാക്ഷ്യമാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top