12 December Wednesday

ശബരിമലയിലെ ഹൈക്കോടതി നിരീക്ഷണ സമിതി അപ്രായോഗികം; ഉത്തരവ്‌ സ്റ്റേ ചെയ്യണം: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻUpdated: Thursday Dec 6, 2018

ന്യൂഡൽഹി > ശബരിമലയിലെ സുരക്ഷാസജ്ജീകരണങ്ങളുടെയും ക്രമസമാധാനപാലനത്തിന്റെയും മേൽനോട്ടത്തിന‌് മൂന്നംഗസമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ‌് സ്റ്റേ ചെയ്യണമെന്ന‌് ആവശ്യപ്പെട്ട‌് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൊലീസിന്റെയും ഭരണനിർവഹണ ചുമതലയുള്ള മറ്റ‌് ഉദ്യോഗസ്ഥരുടെയും അധികാരം കവർന്നെടുക്കുന്ന ഉത്തരവാണ‌് ഹൈക്കോടതിയുടെ ഭാഗത്ത‌് നിന്നും ഉണ്ടായിരിക്കുന്നതെന്ന‌് സർക്കാർ കോടതിയിൽ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ ചൂണ്ടിക്കാണിച്ചു.

സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമായതിനാൽ ക്രമസമാധാന നിർവഹണത്തിൽ സാധാരണഗതിയിൽ കോടതികൾ ഇടപെടാറില്ല. ശബരിമലയിൽ ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കാനും ക്രമസമാധാനപാലനം നിർവഹിക്കാനും പ്രാപ‌്തിയുള്ള പൊലീസ‌് സംവിധാനം നിലവിലുള്ളപ്പോൾ  മതിയായ സാങ്കേതിക പരിജ്ഞാനമില്ലാത്ത മേൽനോട്ട സമിതിയെ ഈ ആവശ്യത്തിന‌് വേണ്ടി  നിയോഗിച്ച ഹൈക്കോടതി നടപടി ശരിയാണോയെന്ന‌് പരിശോധിക്കണം. ഭരണഘടനാപരമായോ നിയമപരമായോ അധികാരമോ ഉത്തരവാദിത്ത്വമോ ഇല്ലാത്ത സമിതിക്ക‌് കോടതി ഉത്തരവിലൂടെ മാത്രം പ്രത്യേകാധികാരങ്ങൾ നൽകിയ നടപടി നിയമപരമായി ശരിയല്ല.

ശബരിമലയിൽ ക്രമസമാധനപാലനം നിർവഹിക്കാൻ പൊലീസിന‌് പൂർണ്ണ സ്വാതന്ത്രമുണ്ടോയെന്ന കാര്യം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിൽ മേൽനോട്ടസമിതിയോട‌് നിർദേശിച്ചിട്ടുണ്ട‌്. എന്നാൽ, പൊലീസിന‌് ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടെന്ന നിഗമനത്തിന‌് അടിസ്ഥാനമായി ഒരു രേഖയും ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടില്ല. തീർഥാടകരുടെയൊ തീർഥാടകരെന്ന വ്യാജേന മലയിൽ എത്തുന്നവരുടെയൊ ഭാഗത്ത‌്‌ നിന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്ന‌് ഉറപ്പുവരുത്താനും സമിതിയോട‌് കോടതി ആവശ്യപ്പെട്ടിട്ടുണ്ട‌്. തീർഥാടകരെന്ന വ്യാജേന ശബരിമലയിൽ എത്തുന്ന വ്യക്തികൾ ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ, അത‌് തടയാനുള്ള നിയമപരമായ അധികാരം പൊലീസിനാണ‌്.  കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സമിതിക്ക‌് ആ അധികാരം നൽകുന്നത‌് തെറ്റാണ‌്. മേൽനോട്ട സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി ഉന്നയിച്ചിട്ടുള്ള രണ്ട‌് കാരണങ്ങളും നിലനിൽക്കാത്ത സാഹചര്യത്തിൽ മേൽനോട്ടസമിതിയെ നിയോഗിച്ച ഉത്തരവ‌് സ‌്റ്റേ ചെയ‌്ത‌് ഉചിതമായ ഉത്തരവ‌് പുറപ്പെടുവിക്കണമെന്നും സ‌്റ്റാൻഡിങ്ങ‌് കോൺസൽ ജി പ്രകാശ‌് സമർപ്പിച്ച ഹർജിയിൽ പറയുന്നു.

മേൽനോട്ട സമിതിയിൽ അംഗമായ ഐപിഎസ‌് ഉദ്യോഗസ്ഥന‌് ചീഫ്‌ സെക്രട്ടറി, പൊലീസ‌്മേധാവി, വനംവകുപ്പ‌് മേധാവി തുടങ്ങി തന്നേക്കാൾ ഉയർന്ന ഔദ്യോഗിക പദവിയിലുള്ളവർക്ക‌് പോലും നിർദേശങ്ങൾ നൽകാൻ കഴിയുന്ന സാഹചര്യം ഹൈക്കോടതി ഉത്തരവിലൂടെ ഉണ്ടായിട്ടുണ്ട‌്.  ശബരിമലയിലെ സ്ഥിതിഗതികൾക്ക‌് മേൽനോട്ടം വഹിക്കാൻ ജില്ലാ ജഡ‌്ജി കൂടിയായ സ‌്പെഷ്യൽ കമീഷണർ സേവനമനുഷ‌്ഠിക്കുന്ന സാഹചരൃത്തിൽ വിരമിച്ച ജഡ‌്ജി കൂടിയായ ദേവസ്വം ബോർഡ‌് ഒംബുഡ‌്മാൻ അംഗമായ മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തിയതിലെ അനൗചിത്യവും സർക്കാർ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട‌്. മുൻവർഷത്തെ അപേക്ഷിച്ച‌് ക്ഷേത്രത്തിനും തീർഥാടകർക്കും നേരേ പ്രതിഷേധക്കാരുടെ ഭാഗത്ത‌് നിന്നുണ്ടാകുന്ന സുരക്ഷാവെല്ലുവിളികൾ കൂടി നേരിടുകയെന്ന അധികബാധ്യത പൊലീസിനുണ്ട‌്. ഇത്തരം വെല്ലുവിളികൾ കൂടി കണക്കിലെടുത്ത‌് പൊലീസ‌് തയ്യാറാക്കിയ സുരക്ഷാസജ്ജീകരണങ്ങളുടെ വിശദാംശങ്ങൾ ഹൈക്കോടതിക്ക‌് കൈമാറിയിരുന്നു. എന്നാൽ, അത‌് കോടതി വേണ്ടരീതിയിൽ പരിഗണിച്ചിട്ടില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top