26 September Wednesday

ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു മാസത്തെ ശമ്പളം നൽകുമെന്ന്‌ സർവീസ‌് സംഘടനകൾ

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018

തിരുവനന്തപുരം> മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവെരെ സഹായിക്കുന്നതിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകാനുള്ള സന്നദ്ധത സർവീസ‌് സംഘടനകൾ അറിയിച്ചു. ദുരിതാശ്വാസ പുനരിധിവാസ തുടർപ്രവർത്തനങ്ങളിൽ പൂർണ പിന്തുണയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.

പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന ചർച്ച ചെയ്യാൻ ധനമന്ത്രി ഡോ. തോമസ് ഐസക്  നടത്തിയ ചർച്ചയിലാണ‌് സർവീസ് സംഘടനാപ്രതിനിധികളൾ നിലപാട‌് അറിയിച്ചത‌്.

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവർത്തനം സ്തുത്യർഹമാണെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. പുനർനിർമാണപ്രവർത്തനങ്ങൾക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും. ഇത്തരത്തിൽ 6000 കോടി രൂപയോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സഹകരണം ആവശ്യമാകുന്നത്.     ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടർ തുകയായി നൽകാൻ താത്പര്യമുള്ളവർക്ക് അത് നൽകാമെന്ന് മന്ത്രി പറഞ്ഞു.    

ഒരു തവണയായോ, 10 മാസമായോ ശമ്പളം നൽകാൻ സൗകര്യമുണ്ട്. ഇങ്ങനെ നൽകുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ടെങ്കിൽ ആ തുക പിടിക്കുന്ന ശമ്പളത്തിൽനിന്ന് കിഴിക്കാൻ അവസരമുണ്ടാകും.        

പി.എഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നൽകാൻ താത്പര്യമുള്ളവർക്ക് അങ്ങനെയും നൽകാം.     യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് രണ്ടു മൂന്ന് ദിവസത്തിനകം ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസത്തിന് ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങും. എല്ലാ ജീവനക്കാരും ഒരു മാസത്തെ വേതനം നൽകിയാൽ 2600 കോടി സമാഹരിക്കാനാവും. മുഖ്യമന്ത്രിയുടെ അഭ്യർർഥന വന്നയുടൻ മികച്ച രീതിയിലുള്ള പ്രതികരണമാണ‌് സർക്കാർ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായത‌്. പെൻഷൻകാരും വലിയതോതിൽ മുന്നോട്ടു വരികെയാണ‌്. പെൻഷൻകാരുടെ സംഘടനകളുടെ യോഗവും വിളിക്കുമെന്നും മന്ത്രി അറിയിച്ചു. എഫ‌്എസ‌്ഇടിഒ അടക്കം എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top