22 September Saturday

5 മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 18.56 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018



തിരുവനന്തപുരം
അഞ്ച‌് മെഡിക്കൽ കോളേജുകളിൽ വിവിധ പദ്ധതികൾക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 5.50 കോടി, ആലപ്പുഴ മെഡിക്കൽ കോളേജിന് 3.50 കോടി, കോട്ടയം മെഡിക്കൽ കോളേജിന് 3.56 കോടി, കോഴിക്കോട് മെഡിക്കൽ കോളേജിന് 5.50 കോടി, എറണാകുളം മെഡിക്കൽ കോളേജിന് 50 ലക്ഷം എന്നിങ്ങനെയാണ‌് അനുവദിച്ചത്. മെഡിക്കൽ ലൈബ്രറി, മൾട്ടിലെവൽ പാർക്കിങ്‌, വാട്ടർട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ തുടങ്ങിയവയ്‌ക്കായി എറണാകുളം മെഡിക്കൽ കോളേജിന്‌ ഏതാനും ദിവസംമുമ്പ്‌ 11 കോടി രൂപ അനുവദിച്ചിരുന്നു.  വിവിധ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉന്നത ശ്രേണിയിലുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റും വാർഷിക മെയിന്റനൻസിനുമായാണ് തുകയെന്ന് മന്ത്രി കെ കെ ശൈലജ  വാർത്താകുറിപ്പിൽ അറിയിച്ചു.

എറണാകുളം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി 22 ലക്ഷവും ലിഫ‌്റ്റ് മെയിന്റനൻസിനായി 13.50 ലക്ഷവും  ജനറേറ്റർ സെറ്റിനും ചില്ലർ പ്ലാന്റ് മെയിന്റനൻസിനുമായി 9 ലക്ഷവും  110 കെ.വി. സബ്‌സ്റ്റേഷന‌്  4 ലക്ഷംവും ടെലിഫോൺ എക്‌സ്‌ചേഞ്ച് മെയിന്റനൻസിനായി 1.50 ലക്ഷവും അനുവദിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ബ്ലോക്കിലെയും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെയും ശുചിമുറി നവീകരണത്തിനായി 2.50 കോടിയാണ് അനുവദിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി, എസ്എടി ആശുപത്രി, എസ്എസ്ബി, എംഎസ്ബി എന്നിവിടങ്ങളിലെ മെഡിക്കൽ ഉപകരണങ്ങളുടെ വാർഷിക അറ്റകുറ്റപ്പണിക്കായി 1,50,22,500 രൂപയും നിലവിലെ മെഡിക്കൽ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷനായി 90 ലക്ഷം രൂപയും വാർഡ് 15 നവീകരിക്കാൻ 38 ലക്ഷവും ഇപിഎബിഎക്‌സ് സിസ്റ്റം അറ്റകുറ്റപ്പണിക്കായി 8.26 ലക്ഷവും എസി, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന് വാർഷിക അറ്റകുറ്റപ്പണിക്ക‌് 13,51,500 രൂപയും അനുവദിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഒപി ബ്ലോക്ക്, എ & ബി, സി, ഡി&ഇ, എഫ് ബ്ലോക്കുകളുടെ നവീകരണപ്രവർത്തനങ്ങൾക്ക‌് 1.25 കോടിയും ജീവനക്കാരുടെ ക്വാർട്ടേഴ്‌സ‌് നവീകരണത്തിന‌് 75 ലക്ഷവും നൽകും. ലീനിയർ ആക്‌സിലറേറ്ററിന് 60 ലക്ഷവും എംഡിഐസിയുവിന് 25 ലക്ഷവും ഹാർട്ട് ലങ് മെഷീന് 6 ലക്ഷവും വിവിധ ഉപകരണങ്ങൾക്ക് 59 ലക്ഷവും വാർഷിക അറ്റകുറ്റപ്പണിക്ക‌് അനുവദിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ ഉപകരണങ്ങൾ, ലിഫ്റ്റുകൾ, എസികൾ എന്നിവയുടെ അറ്റകുറ്റപ്പണിക്ക‌് രണ്ടുകോടി അനുവദിച്ചു. ആശുപത്രി ബ്ലോക്കിലെ വാർഡ് രണ്ടിന്റെ നവീകരണത്തിനായി 20,18,500 രൂപയും പിജി ഹോസ്റ്റലിന് 26 ലക്ഷവും മെൻസ് ഹോസ്റ്റലിന് 60.13 ലക്ഷവും അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന് 12.60 ലക്ഷവും അനുവദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗത്തിന് 17 ലക്ഷം, ബയോകെമസ്ട്രി വിഭാഗത്തിന് 30 ലക്ഷം, ബ്ലഡ് ബാങ്കിന് 55 ലക്ഷം എന്നിങ്ങനെ പ്രധാനപ്പെട്ട ജോലികൾക്കായി അനുവദിച്ചിട്ടുണ്ട്. ഐഎംസിഎച്ചിൽ പുതിയ ഹിയറിങ‌് സ്‌ക്രീനിങ‌് റൂമിനായി 7 ലക്ഷം രൂപയും ഒബ്‌സർവേഷൻ റൂമിന്റെ സമീപത്തായി ശുചിമുറി സ്ഥാപിക്കുന്നതിനും മെഡിക്കൽ റെക്കോഡ് ലൈബ്രറി മാറ്റിസ്ഥാപിക്കുന്നതിനായും 35 ലക്ഷവും വാർഡ് 23 നവീകരിക്കാൻ 21 ലക്ഷം രൂപയും അനുവദിച്ചു. മെഡിസിൻ വിഭാഗം ഒപിക്ക‌് 5.5 ലക്ഷം, മൈക്രോബയോളജി വിഭാഗത്തിന് 35 ലക്ഷം, സർജറി ഒപിക്ക‌് 36.20 ലക്ഷം, പത്തോളജി വിഭാഗത്തിന് 22 ലക്ഷം, ഫാർമക്കോളജി വിഭാഗത്തിന് 29.30 ലക്ഷം, ഫിസിയോളജി വിഭാഗത്തിന് 26.50 ലക്ഷവും ലിംഫ് ഫിറ്റിംഗ് സെന്ററിന് 63 ലക്ഷവും സ്‌നേക്ക് ബൈറ്റ് ഐസിയുവിന് 25 ലക്ഷവും സർജിക്കൽ വാർഡ് 27ന് 12 ലക്ഷവും  വികസനപ്രവർത്തനത്തിന‌് അനുവദിച്ചു. വാർഡ് 2 ൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ 5.50 ലക്ഷം രൂപയും ഓർത്തോപീഡിക്‌സ് വിഭാഗത്തിനും സർജിക്കൽ ഗ്യാസ്‌ടോ വിഭാഗത്തിനുമായി 25 ലക്ഷം രൂപയും ഉപകരണങ്ങൾ, ലിഫ്റ്റ് തുടങ്ങിയവയുടെ മെയിന്റനൻസിനായി 1 കോടി രൂപയും അനുവദിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top