17 November Saturday

ജിഎസ‌്ടി പ്രതീക്ഷ സഫലമായില്ല ; നികുതി വർധന വെറും 16 ശതമാനം

ജി രാജേഷ‌് കുമാർUpdated: Sunday Jul 1, 2018



തിരുവനന്തപുരം 
ചരക്ക‌് സേവന നികുതി നടപ്പായി ഒരു വർഷമായിട്ടും കേരളത്തിന്റെ പ്രതീക്ഷകൾ സഫലമായില്ല. ജിഎസ‌്ടി  വരുമ്പോൾ സംസ്ഥാനത്തിന്റെ നികുതിവരുമാനം 20 മുതൽ 25 ശതമാനംവരെ വർധിക്കുമെന്ന പ്രതീക്ഷയ‌്ക്കാണ‌് മങ്ങലേറ്റത‌്. ജിഎസ‌്ടി നടപ്പാക്കിയതിലെ കേന്ദ്രസർക്കാരിന്റെ തലതിരിഞ്ഞ തീരുമാനമാണ‌് മിക്ക സംസ്ഥാനങ്ങൾക്കും തിരിച്ചടിയായത‌്. ഇതിൽ കേരളത്തിനാണ‌് കൂടുതൽ പ്രയാസം.

ജിഎസ‌്ടിയിൽ സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി ഉയരുമെന്ന പ്രതീക്ഷയിലാണ‌് സംസ്ഥാന ബജറ്റ‌് രൂപപ്പെടുത്തിയത‌്. എന്നാൽ, 16 ശതമാനം വളർച്ച മാത്രമാണ‌് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ എട്ടുമാസത്തിൽ  രേഖപ്പെടുത്തിയത‌്. കേന്ദ്രം നൽകുന്ന നഷ്ടപരിഹാരവും ചേർത്താണ‌് ഈ വളർച്ചാനിരക്ക‌്. ഇതില്ലാതെ എട്ടു മാസത്തിൽ മൂന്നുമാസം മാത്രമാണ‌് അധിക വളർച്ചാ നിരക്ക‌്.

മൂല്യ വർധിത നികുതി നിലനിന്നപ്പോൾ, കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് രണ്ടുവർഷം വളർച്ചാ നിരക്ക‌് 20 ശതമാനം കവിഞ്ഞിരുന്നു. നികുതി സംവിധാനത്തിന്റെ ഫലപ്രദമായ പ്രവർത്തനം ഉറപ്പാക്കിയായിരുന്നു ഇൗ നേട്ടം കൈവരിച്ചത‌്.
സേവനമേഖല ജിഎസ‌്ടിയിലേക്ക‌് വരുന്നതും, ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ചരക്കിനും ഇതര സംസ്ഥാനങ്ങളിൽനിന്ന‌് കേരളത്തിലേക്ക‌് ബുക്ക‌് ചെയ്യുന്ന ചരക്കിനുമുള്ള നികുതിയുടെ വിഹിതവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ‌് നികുതിവളർച്ച ഉയരുമെന്ന‌് വിലയിരുത്തിയത‌്.

ഉപഭോക്തൃ ചരക്കുക‌ളുടെ നികുതി കുറച്ച കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിന‌് കനത്ത തിരിച്ചടിയായി. കുത്തക കമ്പനികൾക്കുവേണ്ടി നികുതി കുറച്ചപ്പോൾ ഗുണം ജനങ്ങൾക്ക‌് ലഭിച്ചതുമില്ല.  2017 നവംബർ 10ന‌് 213 ഇനങ്ങളുടെ നികുതിയാണ‌് പരിഷ‌്കരിച്ചത‌്. 178 ഇനങ്ങളുടെ നികുതി 28ൽനിന്ന‌് 18 ശതമാനമാക്കി. ഇവയിൽ ബഹുഭൂപരിക്ഷവും ഉപഭോക്തൃ ഇനങ്ങളാണ‌്.

സംസ്ഥാനത്തിന‌് 14.5 ശതമാനം ലഭിച്ചിരുന്ന നികുതിയാണ‌് ഫലത്തിൽ ഒമ്പതുമുതൽ 2.5 ശതമാനമായി കുറഞ്ഞത‌്. ജിഎസ‌്ടി റിട്ടേണുകളുടെ പരിശോധനയ‌്ക്കുള്ള ജിഎസ‌്ടിഎൻ സംവിധാനം ഫലപ്രദമാക്കിയിട്ടില്ലെന്നതാണ‌് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി.  21ന‌് ചേരുന്ന ജിഎസ‌്ടി കൗൺസിലിൽ ഈ പ്രശ‌്നത്തിന‌് പരിഹാരമുണ്ടാകുമെന്നാണ‌് ധനവകുപ്പിന്റെ പ്രതീക്ഷ.

പ്രധാന വാർത്തകൾ
Top