21 September Friday

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട: പേസ‌്റ്റ‌് പരുവത്തിൽ കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


നെടുമ്പാശേരി
 
അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ  വൻ സ്വർണവേട്ട. പേസ്റ്റ് പരുവത്തിൽ കടത്താൻ ശ്രമിച്ച ഒരുകോടി രൂപയോളം വിലയുള്ള സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. തൃശൂർ സ്വദേശി മുഹമ്മദ് റഫീഖിനെയാണ‌് അനധികൃത സ്വർണംകടത്തലിന‌്   കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഒരിടവേളയ‌്ക്കുശേഷമാണ‌് നെടുമ്പാശേരിയിൽ ഇത്രയും വലിയ സ്വർണക്കടത്ത് പിടികൂടുന്നത്.

ശനിയാഴ്ച രാവിലെ ദോഹയിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ റഫീഖിൽനിന്ന‌് പേസ‌്റ്റ‌് പരുവത്തിലാക്കിയ മൂന്നരക്കിലോ സ്വർണമാണ‌്   പിടിച്ചെടുത്തത്.  പേസ്റ്റ് പരുവത്തിലുള്ള സ്വർണം അരയിൽ കെട്ടിയാണ് കടത്താൻ ശ്രമിച്ചത്.  ദോഹയിൽനിന്ന് ഖത്തർ എയർവേസ‌് വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരിയിൽ എത്തിയത്. സ്വർണ കള്ളക്കടത്ത് സംഘത്തിന്റ വാഹകനായി ഇയാൾ പ്രവർത്തിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നു.

കുറച്ചു നാളുകളിലായി ഗൾഫിൽ ജോലിചെയ്യുന്ന ഇയാൾ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ എത്താറുണ്ട്.  2016ലാണ് ഒടുവിൽ നാട്ടിലെത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃത സ്വർണക്കടത്ത് വർധിച്ചതിനെത്തുടർന്ന് കസ്റ്റംസിന്റെ പരിശോധന ശക്തമാക്കിയിരുന്നു. ഇതുമൂലം നേരത്തെ നടത്തിയിരുന്ന രീതിയിൽ   സ്വർണം കടത്താൻ സാധിക്കാതെയായി. കുറച്ചു നാളായി മിശ്രിതരൂപത്തിലാണ് സ്വർണം കടത്തിക്കൊണ്ടിരുന്നത്. പേസ്റ്റ് രൂപത്തിൽ  സ്വർണം കടത്താൻ ശ്രമിച്ചത‌് അതിന്റെ ഭാഗമായാണ‌്.

സാധാരണ നിലയിൽ മിശ്രിതരൂപത്തിൽ സ്വർണം കടത്തുമ്പോൾ പിടികൂടാൻ സാധ്യത കുറവായതിനാലാണ്  സ്വർണക്കടത്തിന് ഈ മാർഗം ഉപയോഗിക്കുന്നത‌്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ‌്  പരിശോധന നടന്നത‌്.

പ്രധാന വാർത്തകൾ
Top