15 November Thursday

പൊതുവിദ്യാഭ്യാസ യജ്ഞം രാജ്യ ശ്രദ്ധയിലേക്ക‌് ; കേരള മാതൃക ഡൽഹിയും പിന്തുടരുന്നു

വേണു കെ ആലത്തൂർUpdated: Saturday Jul 28, 2018



എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രാജ്യത്തിനാകെ മാതൃകയാകുന്നുവെന്ന‌് ദേശീയ വാർത്താചാനലുകൾ. കേരളത്തിന്റെ ചുവട‌ുപിടിച്ച‌് ദില്ലിയിലെ എഎപി സർക്കാരും സർക്കാർ സ‌്കൂളുകൾ മെച്ചപ്പെടുത്താന്‍  ശ്രമം തുടങ്ങി. പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കാൻ രാഷ്ട്രീയ നേതാക്കൾ  അടക്കമുള്ളവർ തിരക്കുകൂട്ടുന്നുവെന്ന‌്  എൻഡിടിവി ‘റിയാൽറ്റി ചെക‌്’ പ്രത്യേക പരിപാടിയിൽ പറഞ്ഞു. ഭരണമികവിന‌് ഇന്ത്യയിൽ ഒന്നാമതെത്തിയതും ചാനൽ പ്രത്യേകം പരാമർശിച്ചു.

25 വർഷത്തിനുശേഷം കേരളത്തില്‍  സർക്കാർ എയ‌്ഡ‌ഡ‌് സ‌്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 6.3 ശതമാനം വർധനയുണ്ടായി. ഇന്ത്യയിലെ മറ്റ‌് സംസ്ഥാനങ്ങളിൽ സർക്കാർ സ‌്കൂളുകളേക്കാൾ മികച്ചതാണ‌് സ്വകാര്യ വിദ്യാലയങ്ങളെങ്കിൽ കേരളത്തിൽ സർക്കാർ സ‌്കൂളുകളുടെ അടുത്തുപോലും എത്താൻ സ്വകാര്യ വിദ്യാലയങ്ങൾക്കാകുന്നില്ലെന്നും സർക്കാർ വിദ്യാലയങ്ങളിലൂടെ സഞ്ചരിച്ച‌് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയപ്പോൾ ഇത‌ാദ്യമായി സ്വകാര്യ‐അൺഎയ‌്ഡ‌ഡ‌് സ‌്കൂളുകളിൽ എട്ട‌് ശതമാനം കുട്ടികളുടെ കുറവുണ്ടായി. 45,000 ക്ലാസ‌്മുറികൾ ഹൈടെക‌് ആക്കി ലാപ‌്ടോപ്പും ഇന്റർനെറ്റും അനുവദിച്ചു. മലയാളം മീഡിയം സ‌്കൂളുകളിൽ ഇംഗ്ലീഷ‌് ഭാഷയും ഒരുപോലെ പഠിപ്പിച്ച‌് വിദ്യാർഥികൾക്ക‌് മികച്ച പഠനനിലവാരം ഒരുക്കുന്നു.

ഏറ്റവും കൂടുതൽ ഫണ്ട‌് അനുവദിച്ച‌് സ‌്കൂളുകളെ മികച്ചതാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലാണ‌് പൊതുവിദ്യാലയങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം കൈവരിച്ചതെന്ന‌് വാർത്താചാനൽ റിപ്പോർട്ട‌് ചെയ‌്തു.

ദില്ലിയിലെ എഎപി എംഎൽഎ അമാനുള്ളഖാൻ തന്റെ മക്കളെ പൊതുവിദ്യാലയത്തിൽ ചേർത്തുവെന്നും  എം ബി രാജേഷ‌് എംപിയും മക്കളെ സർക്കാർ സ‌്കൂളുകളിലാണ‌് ചേർത്തതെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നുണ്ട‌്.

പ്രധാന വാർത്തകൾ
Top