Top
23
Thursday, November 2017
About UsE-Paper

ഗെയില്‍ പൈപ്പ്ലൈന്‍: നഷ്ടപരിഹാരം ഇരട്ടിയാക്കി

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > പ്രകൃതിവാതക പൈപ്പ്ലൈന്‍ ഇടാന്‍ ഗെയിലിന് സ്ഥലം വിട്ടുനല്‍കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണിവില നിജപ്പെടുത്തിയാകും നഷ്ടപരിഹാരം നിശ്ചയിക്കുക. 2012ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും തീരുമാനിച്ചു. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക്  ആശ്വാസധനമായി അഞ്ചു ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

നിലവില്‍ വിപണിവില പുതുക്കിയ ന്യായവിലയുടെ അഞ്ച് മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങാക്കിയത്. ഭൂമിയുടെ നഷ്ടപരിഹാരത്തില്‍ മൊത്തം 116 കോടിയുടെ വര്‍ധന ഇതുമൂലമുണ്ടാകും. പത്തു സെന്റോ അതില്‍ താഴെയോ ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍  സംരക്ഷിക്കും. വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടു നിര്‍മിക്കത്തക്കരീതിയില്‍ അലൈന്‍മെന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റര്‍ വീതിയില്‍ മാത്രമാക്കും. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള ഭാഗത്ത് അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നല്‍കും.

നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു വശത്തുകൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്‍മെന്റ് തീരുമാനിക്കുന്നതും. വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്നു പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ് (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമെ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലയിലും നടപ്പാക്കാന്‍ തീരുമാനമായി.  നെല്‍വയലുകള്‍ക്ക് ‘ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമെ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും. വ്യവസായ മന്ത്രി എ സി മൊയ്തീനും ഗെയില്‍ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.