19 October Friday

ഗെയില്‍ പൈപ്പ് ലൈന്‍ ആശങ്ക പരിഹരിക്കും; നഷ്ടപരിഹാരം കൂട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017

 കോഴിക്കോട് >  ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുസംബന്ധിച്ച് ജനങ്ങള്‍ക്കുള്ള എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. ഇക്കാര്യം സര്‍ക്കാരും ഗെയിലും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കോഴിക്കോട് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗത്തിനുശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

  വീടുണ്ടാക്കാന്‍ പത്ത് സെന്റില്‍ താഴെയുള്ളവരുടെ ഭൂമി ഏറ്റെടുക്കേണ്ടിവരികയാണെങ്കില്‍ പുനരധിവാസത്തിന് സൌകര്യമൊരുക്കും. ആരുടെയും വീട് പൊളിക്കുന്ന സാഹചര്യമുണ്ടാവില്ല. പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാല് ഏജന്‍സികളുടെ വിശദ പരിശോധനയുണ്ടാകും. മൂന്ന് കേന്ദ്ര ഏജന്‍സികളും ഒരു സംസ്ഥാന ഏജന്‍സിയും പരിശോധനക്ക് നേതൃത്വം നല്‍കും. ജനങ്ങളുടെ പരാതികള്‍ക്കായി എല്ലാ പഞ്ചായത്തിലും ഹെല്‍പ്പ് ഡസ്ക് തുടങ്ങും. ഇതില്‍ ഗെയില്‍ പ്രതിനിധികളുമുണ്ടാകും.

ആദ്യഘട്ടമെന്ന നിലയില്‍ കലക്ടര്‍ ചൊവ്വാഴ്ച കാരശേരി പഞ്ചായത്തിലെത്തും. നഷ്ടപരിഹാരത്തുക കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കും. വിജ്ഞാപനം ചെയ്ത ഭൂമിയില്‍ പണി തുടങ്ങിയിട്ടുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കുള്ളില്‍ പണം നല്‍കും. നിര്‍മാണം തുടങ്ങാനുള്ളിടത്ത് മൂന്നാഴ്ചക്കുള്ളില്‍ പണം കൈമാറും. സമരക്കാരോട് പൊലീസ് പരിധിവിട്ടെന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പൊലീസ്  കേസുകള്‍ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി സംസാരിക്കും.
  വിളകളുള്ള ഭൂമിയേക്കാള്‍ വയലുകള്‍ക്ക് നഷ്ടപരിഹാരം കുറവായതിനാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കും. കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിയ ഈ പാക്കേജ് കോഴിക്കോട്ടും നടപ്പാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ഗെയിലും പഞ്ചായത്തുകളും സഹകരണം വിപുലമാക്കും.

  പദ്ധതി പൂര്‍ണമായും നടപ്പാക്കണമെന്ന കാര്യത്തില്‍ യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിവികസനത്തിന് ഈ യോജിപ്പ് നല്ലതാണ്. യോഗത്തില്‍ പങ്കെടുത്ത രണ്ട് സമരസമിതി നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ യോജിപ്പായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അലൈന്‍മെന്റ് മാറ്റം പ്രായോഗികമല്ല. നിലവിലെ അലൈന്‍മെന്റ് മാറ്റിയാല്‍ പുതിയ പരാതികള്‍ ഉയര്‍ന്നുവരും. ജനങ്ങള്‍ക്ക് ദ്രോഹകരമല്ലാത്ത രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. അതിനാല്‍ സമരം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

  വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, എംപിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു വി ജോസ്, റൂറല്‍ എസ്പി എം കെ പുഷ്കരന്‍, രാഷ്ട്രീയ പാര്‍ടികളെ പ്രതിനിധീകരിച്ച് പി മോഹനന്‍, കെ ചന്ദ്രന്‍, ടി വി ബാലന്‍, സി പി ഹമീദ്, കെ ലോഹ്യ, ടി പി ജയചന്ദ്രന്‍, സി പി ചെറിയമുഹമ്മദ്, എന്‍ സി അബൂബക്കര്‍, ഗെയില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യു, സമരസമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം പഴങ്കല്‍, വൈസ് ചെയര്‍മാന്‍ ജി അബ്ദുല്‍ അക്ബര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലപ്പുറത്ത് ജനപ്രതിനിധികളുടെ പൂര്‍ണ പിന്തുണ
മലപ്പുറം > ജില്ലയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മാണം തുടരുമെന്ന് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം കലക്ടര്‍ അമിത് മീണ അറിയിച്ചു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ ഭൂവുടമകളെയും ജനപ്രതിനിധികളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പദ്ധതിപ്രദേശത്തെ ജനങ്ങളെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ഉറപ്പുനല്‍കി.

പ്രധാന വാർത്തകൾ
Top