Top
16
Tuesday, January 2018
About UsE-Paper
പൈപ്പുകള്‍ സൂക്ഷിക്കുന്നതിന്‌ ജമാ അത്തെ ഇസ്ലാമി വാടകയിനത്തില്‍ ഗെയിലില്‍ നിന്ന് പണം പറ്റുന്നതായി വെളിപ്പെടുത്തല്‍

ഗെയില്‍ സമരം: ഇരട്ടത്താപ്പുമായി ജമാ അത്തെ ഇസ്ലാമി; വര്‍ഗീയത പടര്‍ത്തി പദ്ധതി ഇല്ലാതാക്കാന്‍ നീക്കം

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌
ജമാ അത്തെ ഇസ്ലാമിയുടെ കൈവശമുള്ള സ്ഥലത്ത് ഗെയില്‍ പൈപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നു

തിരുവനന്തപുരം > ഗെയില്‍ പൈപ്പ് ലൈന്‍ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരേ മത തീവ്രവാദ സംഘടനകള്‍ വ്യാപകമായ ദുഷ്‌പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തുടരുന്നത്. കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റടക്കം ഉപയോഗിച്ച് എസ്ഡിപിഐ പോലുള്ള സംഘടനകള്‍ പൈപ്പ് ലൈന്‍ പദ്ധതി തടസപ്പെടുത്താനുള്ള  ശ്രമങ്ങള്‍ തുടരുകയാണ്‌.

ഗെയില്‍ സമരത്തിന്റെ അരങ്ങിലും അണിയറയിലും നടക്കുന്ന ചില മത തീവ്രവാദ ഗ്രൂപ്പുകളെ പരാമര്‍ശിച്ച് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രസ്‌താവനയില്‍ വന്ന 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധ'മെന്ന പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിധാരണ പടര്‍ത്താനും ആശയക്കുഴപ്പം സൃഷ്‌ടിക്കാനും ശ്രമിക്കുന്നതായി ജില്ല സെക്രട്ടേറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു
എന്നാല്‍ ഏത് സാഹചര്യത്തിലാണ് അത്തരത്തില്‍ ഒരു പരാമര്‍ശം പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നത് സംബന്ധിച്ച കൃത്യമായ വിശദീകരണത്തിന് ശേഷവും പരാമര്‍ശത്തെ വര്‍ഗീയമാക്കി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പദ്ധതിയെ ഇല്ലാതാക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നതില്‍ സംശയമില്ല. മതത്തെ, പരസ്പരം വേര്‍പിരിഞ്ഞിരിക്കാനും ശത്രുത പടര്‍ത്താനുമുളള ഉപകരണമാവാതിരിക്കാനും പ്രവാചകന്‍ നടത്തിയ ശ്രമങ്ങളെ സംബന്ധിക്കുന്ന വിശദീകരണത്തിന്റെ ഭാഗമായുണ്ടായ പ്രസ്‌താവനയെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രകോപനം സൃഷ്‌ടിക്കാനുള്ള വേദിയാക്കി മാറ്റുകയായിരുന്നു തീവ്ര വര്‍ഗീയ ശക്തികള്‍.
 
 ഇസ്ലാമിന്റെ ചരിത്ര ദര്‍ശനത്തിന് വിരുദ്ധദിശയില്‍ ഭീകരവാദം പടര്‍ത്തുന്ന ഐഎസ് ഉം അതിന്റെ ഇന്ത്യന്‍ പതിപ്പുകളും നബി എതിര്‍ത്ത അജ്ഞതയുടെയും പ്രാകൃത
 ബോധത്തിന്റെയും പ്രതിനിധികളാണ്. അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആശങ്കകള്‍ വളര്‍ത്തി മുക്കം സംഭവങ്ങളുടെ അണിയറയില്‍ കളിച്ചത്; കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.ഗെയില്‍-ജമാ അത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ ഉദാഹരണങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

കണ്ണൂര്‍ ജില്ലയില്‍ കൂടാളി പഞ്ചായത്തിലെ കൊളപ്പ എന്ന സ്ഥലത്ത് ഗെയിലിന്റെ പദ്ധതി തുടങ്ങിയ കാലം മുതല്‍ ഏകദേശം 8 വര്‍ഷമായി ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള 100 ഏക്കര്‍ സ്ഥലത്താണ്. ഇതിന് മാസം 2,63,000 (രണ്ട് ലക്ഷത്തി അറുപത്തിമൂന്നായിരം ) രൂപ വാടകയായി ജമാ അത്തെ ഇസ്ലാമിയുടെ കണ്ണൂര്‍ ജില്ലാ ശൂറാ സമിതി കൈപ്പറ്റുന്നുമുണ്ട് .

ഈയിനത്തില്‍ കോടിക്കണക്കിന് രൂപ ഇവര്‍ കൈപ്പറ്റിക്കഴിഞ്ഞു .ഇപ്പോള്‍ പൈപ്പുകള്‍ കൊണ്ടു പോയാല്‍ വാടകയിനത്തിലുള്ള വരുമാനവും നിലക്കും. ഇതുപോലുള്ള പല തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടത്തി സാമ്പത്തിക ലാഭം കൊയ്യുകയും മറുവശത്ത് സര്‍ക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിച്ച് വര്‍ഗ്ഗീയത പടര്‍ത്താനുമുള്ള ശ്രമങ്ങളാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തുടരുന്നത്.


ജമാ അത്തെ ഇസ്ലാമിയുടെതായി പുറത്തിറങ്ങുന്ന വാരികയായ പ്രബോധനത്തില്‍ 'ഐസിസ് പു:നരുല്‍പ്പാദിപ്പിക്കുന്നത് ഏഴാം നൂറ്റാണ്ടിലെ കിരാത സംസ്‌കാരം' എന്ന പേരില്‍ ലേഖനമുണ്ട്.സി പി ഐ എം പ്രസ്താവനയിലെ, ഗെയ്ല്‍ വാതകക്കുഴല്‍ സമരത്തിന്റെ മറവില്‍ അക്രമമഴിച്ച് വിടുന്ന തീവ്രവാദ സംഘങ്ങളെ ഉദ്ദേശിച്ചുള്ള
 ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ക്ഷുദ്ര വികാരമുണര്‍ത്തി വിടുന്നവര്‍ പ്രബോധനത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കിരാതത്വം എന്ന പ്രയോഗം  കാണാതെ പോവുകയാണ്‌; കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടി.