19 October Friday

ധനസമാഹരണ യജ്ഞം: വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ചത് 189.62 കോടി; 5,50,703 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

തിരുവനന്തപുരം > ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ (30.87 കോടി) ആലപ്പുഴ (24 കോടി) എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. പണമായി ലഭിച്ചതിനു പുറമെ സ്വര്‍ണ്ണവും വസ്തുക്കളും സംഭാവനയായി ലഭിച്ചിട്ടുണ്ട്.

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സ്വമേധയാ ധനസമാഹരണത്തില്‍ സഹകരിച്ചിട്ടുണ്ട്. അവരോടെല്ലാം സര്‍ക്കാരിന്‍രെ നന്ദി അറിയിക്കുന്നു. ചെറിയ കുട്ടികളുടെ ലഘു സമ്പാദ്യം മുതല്‍ മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ തുക വരെ ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാരുകള്‍ സമാഹരിച്ചു നല്‍കിയിട്ടുണ്ട്. ഒരാളോടും നിര്‍ബന്ധിക്കുന്നില്ല.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7.56 കോടി രൂപ സംഭാവന നല്‍കി. കേരള യൂണിവേഴ്‌സിറ്റി 47.91 ലക്ഷം, കോളേജ് വിദ്യാഭ്യാസ വകുപ്പ് 30.98 ലക്ഷം, എം.ജി. യൂണിവേഴ്‌സിറ്റി 13.44 ലക്ഷം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 18.54 ലക്ഷം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 16.41 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 14,757 സ്‌‌‌കൂളുകളില്‍നിന്ന് 15.18 കോടി രൂപയും നല്‍കിയിട്ടുണ്ട്.

5,50,703 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി

പതിനായിരം രൂപ വിഹിതമുളള അടിയന്തര സഹായം ഇതുവരെ 5,50,703 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആശ്രതരായ 327 കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായം നല്‍കിയിട്ടുണ്ട്.

അവശ്യവസ്‌തുക്കളുമായി ബംഗാളില്‍ നിന്ന് 30 അംഗ സംഘം

പ്രളയബാധിതര്‍ക്കുളള ദുരിതാശ്വാസ സാമഗ്രികളുമായി പശ്ചിമബംഗാളില്‍ നിന്ന് മുപ്പത്  അംഗ സംഘം എത്തി. ഡംഡം നോര്‍ത്ത് മണ്ഡലം എം.എല്‍.എ തന്‍മയി ഭട്ടാചര്യയുടെയും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശിബ്ശങ്കര്‍ ഘോഷിന്റെയും നേതൃത്വത്തില്‍ എത്തിയ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇ.പി. ജയരാജന് സാധന സാമഗ്രികള്‍ കൈമാറി.

ഒരു മാസത്തേക്കുളള അവശ്യവസ്തുക്കള്‍ അടങ്ങിയ അഞ്ഞൂറ് കിറ്റുകളാണ് സംഘം തീവണ്ടി മാര്‍ഗ്ഗേണ തിരുവനന്തപുരത്ത് എത്തിച്ചത്. കേരളത്തിനുളള ദുരിതാശ്വാസ സഹായം എന്ന് പ്രിന്റ് ചെയ്ത തുണി സഞ്ചിയില്‍ അരി, പരിപ്പ്, ആട്ട, ബിസ്‌ക്കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പ്, പേസ്റ്റ്, പെന്‍  തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സാരി, ബ്ലൗസ്, ദോത്തി, ലുങ്കി, ഷര്‍ട്ട്, സല്‍വാര്‍ സ്യൂട്ട് തുടങ്ങിയ തുണിത്തരങ്ങളും അടക്കം നാല്‍പത് ഇനം സാധനങ്ങളുണ്ട്.


പ്രധാന വാർത്തകൾ
Top