16 November Friday

ഇന്ധനക്കൊള്ള തുടരുന്നു; കഴിഞ്ഞ മാസം കേരളത്തില്‍ നിന്ന് നികുതിയായി പിഴിഞ്ഞെടുത്തത് 708 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

കൊച്ചി > കേരളം പ്രളയക്കെടുതിയില്‍  നട്ടം തിരിഞ്ഞ ദിവസങ്ങളിലടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിയം കമ്പനികള്‍ ഡീസലിനും പെട്രോളിനും കൂട്ടിയത് രണ്ടര രൂപയോളം. തിങ്കളാഴ്ച ഡീസലിന് ലിറ്ററിന് 15 പൈസയും പെട്രോളിന് 13 പൈസയും വീണ്ടും കൂട്ടിയതോടെ കൊച്ചിയില്‍ പെട്രോള്‍ വില 80.30 രൂപയും ഡീസലിന് 72.90 രൂപയുമായി. ജൂലൈ 24 മുതല്‍ പെട്രോളിന് 2.51 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്. കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിനും  ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് വില കൂട്ടി കൊള്ളയടിച്ചത്.

സംസ്ഥാനത്ത് ദിവസം ശരാശരി 8090 ലക്ഷം ലിറ്റര്‍ ഡീസലും 50 60 ലക്ഷം ലിറ്റര്‍ പെട്രോളുമാണ് വില്‍ക്കുന്നത്. ഓരോലിറ്റര്‍ പെട്രോളില്‍നിന്ന് 19.48 രൂപയും ഡീസലില്‍ നിന്ന് 17.33 രൂപയും കേന്ദ്ര സര്‍ക്കാര്‍ വിവിധ നികുതികളായി ഈടാക്കുന്നുണ്ട്.  കുറഞ്ഞത് 13.864 കോടി രൂപ ഡീസല്‍ വില്‍പ്പനയില്‍ നിന്നും 9.74 കോടി രൂപ പെട്രോള്‍ വില്‍പനയില്‍നിന്നും ലഭിക്കുന്നതിലൂടെ ഒരു ദിവസം 23.604 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നികുതിയായി ലഭിക്കുന്നു. കഴിഞ്ഞ ഒരു മാസം ഇത്തരത്തില്‍ 708.12 കോടി രൂപയാണ് കേരളത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നികുതിയായി പിരിച്ചെടുത്തത്. അതായത് പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് പ്രാഥമിക സഹായമായി അനുവദിച്ചതിനേക്കാള്‍ കൂടിയ തുക.

ക്രൂഡിന്റെ വില വര്‍ധനവും രൂപയുടെ വിനിമയമൂല്യ ഇടിവും അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ രണ്ടുമാസത്തിനിടെ ക്രൂഡിന് ഏറ്റവും കൂടുതല്‍ വില വന്നത് ജൂണ്‍ 29നാണ്; ബാരലിന് 74.15 ഡോളര്‍. അന്ന് പക്ഷെ ഒരു ലിറ്റര്‍ പെട്രോളിന് കേരളത്തില്‍ 77.36 രൂപയും ഡീസലിന് 70.95 രൂപയും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ക്രൂഡിന് ബാരലിന് 68.72 ഡോളര്‍ മാത്രമാണുള്ളത്. ബാരലിന് അഞ്ചു ഡോളര്‍ കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതം എണ്ണക്കമ്പനികള്‍ കൂട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top