20 July Friday

എഫ്ആര്‍ഡിഐ ബില്‍ : സര്‍ക്കാരല്ല; ബാങ്കുകളെ രക്ഷിക്കേണ്ടത് നിക്ഷേപകര്‍

മഞ്ജു കുട്ടികൃഷ്ണന്‍Updated: Friday Dec 29, 2017


കൊച്ചി > ' നിങ്ങള്‍ക്ക് ബാങ്കില്‍ ഒരുലക്ഷം രൂപ നിക്ഷേപമുണ്ടെന്നിരിക്കട്ടെ. അത്യാവശ്യത്തിന് ആ പണം എടുക്കാന്‍ചെല്ലുമ്പോള്‍ നാലുവര്‍ഷത്തേക്കുള്ള നിക്ഷേപമാക്കി മാറ്റി എന്നോ പണത്തിനുപകരം ബാങ്കിന്റെ ഷെയര്‍ നല്‍കാമെന്നോ അധികൃതര്‍ പറയുകയാണെങ്കില്‍ എന്തുചെയ്യും?'. ബാങ്കില്‍ നിക്ഷേപമുള്ള ആരിലും ആശങ്ക ജനിപ്പിക്കുന്ന ചോദ്യമാണിത്. സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്ന ഈ ചോദ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് തല്‍ക്കാലം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ മാറ്റിവച്ച 'എഫ്ആര്‍ഡിഐ' (ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്) ബില്ലിന്റെ അപകടത്തിലേക്കാണ്.

ബില്‍ പ്രാബല്യത്തില്‍വന്നാല്‍ നിക്ഷേപകന്റെ തുക ബാങ്ക് തിരിച്ചുനല്‍കേണ്ടതില്ലെന്നും ഓഹരിയാക്കി മാറ്റാമെന്നുമുള്ള വ്യവസ്ഥ അപകടംപിടിച്ചതാണെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ 'ബെയില്‍ ഇന്‍' എന്ന വ്യവസ്ഥയാണ് ഈ അവസരംബാങ്കിന് നല്‍കുന്നത്. ഇതുവരെ 'ബെയില്‍ ഔട്ട്' വ്യവസ്ഥയിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാങ്ക് തകര്‍ന്നാല്‍ സമ്പദ്വ്യവസ്ഥ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുപണം ബാങ്കിങ്മേഖലയിലേക്ക് തിരിച്ചുവിടും. ഇന്ത്യയില്‍ ഇതുവരെ തകര്‍ന്ന ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുകിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ 'ബെയില്‍ ഔട്ട്' എടുത്തുകളയാനാണ് എഫ്ആര്‍ഡിഐ ബില്ലിലൂടെ ശ്രമിക്കുന്നത്. ബാങ്കുകള്‍ക്ക് കിട്ടാക്കടത്തിന്റ നഷ്ടം മറികടക്കണമെങ്കില്‍ ഇനി 'ബെയില്‍ ഇന്‍' വ്യവസ്ഥ കൂട്ടുപിടിക്കേണ്ടിവരും. വായ്പകൊടുത്ത് കിട്ടാക്കടം പെരുകുമ്പോള്‍ ബാങ്കിന്റെ നഷ്ടം നികത്താന്‍ നിക്ഷേപകന്റെ പണമെടുക്കുമെന്ന് ചുരുക്കം.

ബില്‍ വന്നാല്‍, നഷ്ടംമൂലം ബാങ്ക് തകര്‍ന്നാലോ പ്രതിസന്ധി ഘട്ടത്തിലോ നിക്ഷേപങ്ങള്‍ ബാങ്കിന് മൂലധനമാക്കി മാറ്റാം. ബാങ്കില്‍ നിക്ഷേപിച്ച തുക നമുക്കാവശ്യമുള്ളപ്പോള്‍ തിരികെത്തരില്ല. അവ മുന്‍ഗണനാ ഓഹരികളാക്കി മാറ്റും. നഷ്ടത്തില്‍നിന്ന് കരകയറിക്കഴിഞ്ഞാല്‍ ബാങ്ക് നിശ്ചയിച്ച കാലാവധി എത്തിയശേഷം തിരിച്ചുതരും. നഷ്ടത്തില്‍നിന്ന് കരകയറിയില്ലെങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടില്ല.

'ബെയില്‍ ഔട്ട്' ആയിരുന്നപ്പോള്‍ നിക്ഷേപകന് ഒരുലക്ഷമെങ്കിലും തിരിച്ചുകിട്ടുമായിരുന്നു. ബാങ്കിലുള്ള നിക്ഷേപത്തിന്റെ ഇന്‍ഷുറന്‍സ് തുക ആണ് ഒരുലക്ഷം രൂപ.
റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ നിയമമനുസരിച്ചാണ് ഈ തുക ലഭിക്കുന്നത്. എത്ര കൂടിയ ബാങ്ക് നിക്ഷേപത്തിനും പരമാവധി ലഭിക്കാവുന്ന ഇന്‍ഷുറന്‍സ് തുകയാണ് ഒരുലക്ഷം രൂപ. 1993നുശേഷം ഡിഐസിജിസി ഈ തുക പുതുക്കിനിശ്ചയിച്ചിട്ടില്ല.
എഫ്ആര്‍ഡിഐ ബില്‍ പ്രാബല്യത്തില്‍വന്നാല്‍ തകര്‍ച്ച നേരിടുന്ന ബാങ്കിനെ രക്ഷിക്കല്‍ നിക്ഷേപകന്റെ ബാധ്യതയായി മാറും.

ബില്‍ വരുന്നതോടെ റിസര്‍വ് ബാങ്കിനും മുകളിലായി റെസല്യൂഷന്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനം വരും. ഇവരുടെ അധികാരത്തെ റിസര്‍വ് ബാങ്കിനുപോലും ചോദ്യംചെയ്യാനാകില്ല. ബാങ്കിങ് വിദഗ്ധരും തൊഴിലാളി യൂണിയനുകളും ഇടതുപക്ഷവും ബില്ലിലെ അപകടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭപാതയിലാണ്.
 

പ്രധാന വാർത്തകൾ
Top