20 November Tuesday

ബിഷപ്പിന്റെ പീഡനം:ജലന്ധർ പാസ്റ്ററൽ സെന്ററിൽ തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കത്തോലിക്കാസഭ ജലന്ധർ രൂപതാ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ തെളിവുകളും മൊഴികളും ലഭിച്ച ശേഷം മാത്രമേ കസ്റ്റഡിയിലെടുക്കൂ. തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പുരോഗതിയുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷ്  പറഞ്ഞു.

ജലന്ധറിലെ കത്തോലിക്കാസഭയുടെ പാസ്റ്ററൽ സെന്ററിൽനിന്നും ഞയാറാഴ്ച അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു. അന്വേഷണസംഘത്തെ സഹായിക്കാൻ പഞ്ചാബ് പൊലീസും പാസ്റ്ററൽ സെന്ററിലെത്തി.

ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളെ പങ്കെടുപ്പിച്ച് മാസത്തിലൊരിക്കൽ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചിരുന്ന 'ഇടയനൊപ്പം ഒരു ദിവസം' എന്ന പ്രാർഥനാസംഗമത്തെക്കുറിച്ചാണ് സംഘം അന്വേഷിച്ചത്. ആരോപണം ഉന്നയിച്ച കന്യാസ്ത്രീ ഈ പ്രാർഥനാ സംഗമത്തെക്കുറിച്ച് നേരത്തെ മൊഴി നൽകിയിരുന്നു. സംഗമത്തിന്റെ മറവിൽ ബിഷപ്പിൽനിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു ആരോപണം. 2014 ൽ നടന്ന പ്രാർഥനാസംഗമത്തെക്കുറിച്ച് നാലു കന്യാസ്ത്രീകൾ പരാതി ഉന്നയിച്ചിരുന്നതായി ഒരു വൈദികനും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്റ്ററൽ സെന്ററിന്റെ ചുമതലക്കാരനായ ഫാ. ആന്റണി തുരുത്തിയിലിൽനിന്നും ഞായറാഴ്ച മൊഴിയെടുത്തത്. ഏറെനേരം കാത്തുനിന്നിട്ടും എത്താത്തതിനെ തുടർന്ന് പഞ്ചാബ് പൊലീസും അന്വേഷണസംഘവും ചേർന്ന് ഇദ്ദേഹത്തെ പാസ്റ്ററൽ സെന്ററിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പ്രാർഥനാസംഗമത്തിന്റെ വിശദാംശങ്ങളും സംഗമം ഉപേക്ഷിക്കാനുണ്ടായ സാഹചര്യവും അന്വേഷിച്ചറിഞ്ഞു.

ബിഷപ്പിൽനിന്നും മോശം അനുഭവം നേരിട്ടതായി കന്യാസ്ത്രീകൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പ്രാർഥനാസംഗമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്വേഷണസംഘം മദർ ജനറാൾ സിസ്റ്റർ റെജീന കടംതോട്ടിനോട് ആരാഞ്ഞിരുന്നു. മദർ ജനറാളിന് പരാതി നൽകിയ കാര്യം കന്യാസ്ത്രീകൾ അന്വേഷണസംഘത്തെയും അറിയിച്ചിരുന്നു.കന്റോൺമെന്റിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന്റെ ആസ്ഥാനത്ത‌് എട്ടു മണിക്കൂറോളം ചെലവഴിച്ച അന്വേഷണസംഘം രജിസ്റ്ററും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ബിഷപ്പിന്റെ യാത്രാവിവരങ്ങളുമുണ്ട‌്. ബിഷപ്പിനെതിരായ പല തെളിവുകളും ലഭിച്ചെന്നാണ് സൂചന. കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണസംഘം ഞായറാഴ്ച വൈകിട്ടോടെ അമൃത്സറിലേക്ക് പോയി.

പ്രധാന വാർത്തകൾ
Top