16 November Friday

ലോകകപ്പ് ഫുട്ബോള്‍: യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനത്തെ 500 ക്ലബ്ബുകളുമായി സഹകരിച്ച് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

തിരുവനന്തപുരം > സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 12ന് ജില്ലകളില്‍  സ്പോര്‍ട്സ് ക്വിസ്  സംഘടിപ്പിക്കും. 35 വയസുവരെയുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ച് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സംസ്ഥാനതലമത്സരവും സംഘടിപ്പിക്കുന്നു.താല്‍പ്പര്യമുള്ളവര്‍ യുവജനക്ഷേമ ബോര്‍ഡിന്റെ അതാത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

ജൂണ്‍ 13ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി എല്ലാ ജില്ലകളിലും ഘോഷയാത്രകള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്തെ 500 യൂത്ത് ക്ലബ്ബുകളുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ബിഗ് സ്‌ക്രീനിലൂടെ പ്രദര്‍ശിപ്പിക്കും.

യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍  പ്രവര്‍ത്തിക്കുന്ന യുവാക്ലബ്ബുകള്‍ വഴി 250 കേന്ദ്രങ്ങളില്‍ ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനത്തിനുള്ള സജ്ജീകരണങ്ങള്‍ ജില്ലാ യുവജനകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കും. കൂടാതെ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും മത്സരങ്ങള്‍ ബിഗ്സ്‌ക്രീനിലൂടെ കാണുവാനുള്ള അവസരങ്ങള്‍ ഒരുക്കുന്നു.  ഈ കേന്ദ്രങ്ങളില്‍ യുവജനക്ഷേമ ബോര്‍ഡ് വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത യൂത്ത് ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണം നടത്തും.

 

പ്രധാന വാർത്തകൾ
Top