Top
24
Tuesday, January 2017
About UsE-Paper

അന്നം മുട്ടിച്ചത് കേന്ദ്രം

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സംസ്ഥാനത്തിന്റെ അന്നം മുട്ടിക്കുന്നവിധം  റേഷന്‍ ഭക്ഷ്യധാന്യവിതരണം താറുമാറാക്കിയത് കേന്ദ്രസര്‍ക്കാരും മുന്‍ യുഡിഎഫ് സര്‍ക്കാരും. കേന്ദ്രപൂളില്‍നിന്നുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതും ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് യഥാസമയം നടപ്പാക്കാതിരുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. 

പതിനാറു ലക്ഷം ടണ്‍ അരി ലഭിച്ചിരുന്ന സ്ഥാനത്ത്  കേരളത്തിന് ഇപ്പോള്‍ കിട്ടുന്നത് 14.5 ലക്ഷം ടണ്‍ മാത്രം. അന്ത്യോദയ വിഭാഗവും മുന്‍ഗണനാ വിഭാഗവും ചേര്‍ന്ന 1.54 കോടി ജനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ച ധാന്യം പ്രതിവര്‍ഷം 10.25 ലക്ഷം മെട്രിക് ടണ്ണാണ്. ബാക്കിവരുന്ന 1.80 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി പ്രതിവര്‍ഷം നാലുലക്ഷം മെട്രിക് ടണ്‍ ധാന്യം മാത്രമാണുള്ളത്. ഇതോടെ പ്രതിവര്‍ഷം നാലുലക്ഷം മെട്രിക് ടണ്‍ ധാന്യം കൊണ്ട് മുന്‍ഗണന ഇതര വിഭാഗത്തിനും സംസ്ഥാനത്തെ മറ്റ് ക്ഷേമസ്ഥാപനങ്ങള്‍ക്കും റേഷന്‍ സാധനങ്ങള്‍ നല്‍കേണ്ട സ്ഥിതിയായി. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവും മാനസികാരോഗ്യകേന്ദ്രങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള അരിവിതരണവും  പ്രതിസന്ധിയിലായി. സംസ്ഥാനത്തിന് നേരത്തെ ലഭിച്ചിരുന്ന ധാന്യവിഹിതത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം ടണ്‍ ധാന്യത്തിന്റെ കുറവുണ്ടായി. ഇത് യഥാസമയം ചൂണ്ടിക്കാണിക്കാനോ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ‘ഭാഗത്തുനിന്ന്  ശ്രമം ഉണ്ടായില്ല. ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടും ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റേഷന്‍വിഹിതം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.

ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍ രാജ്യത്തെ 75 ശതമാനം ഗ്രാമീണരും 50 ശതമാനം നഗരവാസികളും ഉള്‍പ്പെടുമെന്ന് വ്യവസ്ഥ ചെയ്തിരുന്നെങ്കിലും സംസ്ഥാനത്ത് 46 ശതമാനം ജനങ്ങളെ മാത്രമാണ് മുന്‍ഗണനാ വിഭാഗമായി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ദേശീയ ശരാശരി പ്രകാരം 67 ശതമാനം ആളുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടപ്പോഴാണ് സംസ്ഥാനത്ത് ഈ അവസ്ഥ. കേന്ദ്രപൂള്‍ ധാന്യവിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതും തിരിച്ചടിയായി.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ക്ക് മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചെങ്കിലും ധാന്യവിഹിതത്തില്‍ ഉണ്ടായ കുറവിന് പരിഹാരം കണ്ടില്ല. ഇതാണ് സംസ്ഥാനത്തെ റേഷന്‍ വിതരണ സംവിധാനത്തെ  താറുമാറാക്കിയത്. പുതിയ നിയമപ്രകാരം മൊത്തവ്യാപാരികള്‍ക്കു പകരം സര്‍ക്കാരാണ് എഫ്സിഐയില്‍നിന്ന് അരിയെടുത്ത് റേഷന്‍ കടകള്‍ക്കു നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അട്ടിക്കൂലി ആവശ്യപ്പെട്ട് എഫ്സിഐ ഡിപ്പോകളിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ സമരം സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നതില്‍ കാലതാമസം വരുത്തി. എന്നാല്‍, സമരം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിച്ചു. ഡിസംബറിലെ റേഷന്‍  വാങ്ങാനാകാത്തവര്‍ക്ക് കൂടുതല്‍ സമയം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ജനുവരിയിലെ റേഷന്‍ സാധനങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം ഫയലില്‍ അടയിരുന്ന് നിയമം നടപ്പാക്കാന്‍ വൈകിപ്പിച്ചെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമം നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

റേഷന്‍ വിതരണത്തെ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുണ്ട്. അപ്പീല്‍ അധികാരിയായി സംസ്ഥാന ‘ഭക്ഷ്യ കമീഷന്റെ ചുമതല സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് നല്‍കി. സംസ്ഥാനത്ത് റേഷന്‍കടകളില്‍ നേരിട്ട് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കും ഭക്ഷ്യവകുപ്പ് തുടക്കം കുറിച്ചു. കൊല്ലം ജില്ലയിലാണ് പൈലറ്റ് പദ്ധതി തുടങ്ങുന്നത്. ഇതിനായുള്ള ഗോഡൌണുകള്‍ കണ്ടെത്തി.