20 November Tuesday

ശുചിയാക്കാം ; പഞ്ചായത്തിൽ വാർഡിന്‌ 25000; നഗരസഭയിൽ 50000

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

തൃശൂർ ജില്ലയിലെ ഒല്ലൂരിൽ വെള്ളത്തിൽ മുങ്ങിയ എടക്കുനി പുത്തൻപാടത്തെ വീട്‌ സിപിഐ എം പ്രവർത്തകർ ശുചീകരിക്കുന്നു


തിരുവനന്തപുരം
പ്രളയബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിന‌് ഗ്രാമപഞ്ചായത്ത‌് വാർഡുകൾക്ക‌് 25,000 രൂപ വീതവും നഗരസഭാ വാർഡുകൾക്ക‌് 50,000 രൂപ വീതവും ഉടൻ നൽകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11 നഗരസഭയിൽ ഇതിനകം ശുചീകരണ പ്രവർത്തനം തുടങ്ങി. പ്ലമ്പിങ‌്, വയറിങ‌്, വൈദ്യുതിവൽക്കരണം തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച‌് നടപടി സ്വീകരിക്കും. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന‌് ചാർജ‌് ഈടാക്കില്ല. വീടുകളിലേക്ക‌് മടങ്ങുന്ന കുടുംബങ്ങൾക്ക‌് സൗജന്യ കിറ്റ‌് നൽകും. വീടുകൾ പൂർണമായും വാസയോഗ്യമായ ശേഷമേ താമസം തുടങ്ങാവൂ എന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. നനഞ്ഞ കറൻസി നോട്ടുകൾ മാറ്റിനൽണമെന്ന‌് റിസർവ‌് ബാങ്കിനോട‌് ആവശ്യപ്പെടുകയും അവരത‌് സമ്മതിക്കുകയും ചെയ‌്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു.

രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായെങ്കിലും എവിടെയെങ്കിലും ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അവരെക്കൂടി രക്ഷിച്ചേ ദൗത്യം അവസാനിപ്പിക്കൂ. തിങ്കളാഴ‌്ച 602 പേരെയാണ‌് ക്യാമ്പുകളിലെത്തിച്ചത‌്. നിലവിൽ 3,274 ക്യാമ്പിലായി 10,28,073 പേരാണുള്ളത‌്. 12 വയസ്സിന‌് താഴെയുള്ള 1,01,491 കുട്ടികളുണ്ട‌്. പുനരധിവാസം തീവ്രമായി നടപ്പാക്കേണ്ട ആവശ്യകതയിലേക്കാണ‌് ഇത‌് വിരൽചൂണ്ടുന്നത‌്‌. ഇത‌് മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ‌് സർക്കാർ നടത്തുന്നത‌്. ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ഉറപ്പ‌ാക്കിയിട്ടുണ്ട‌്. ആവശ്യമെങ്കിൽ രോഗികളെ ആശുപത്രികളിലെത്തിച്ചും ചികിത്സിക്കും.

ക്യാമ്പുകൾ ഒരുകുടുംബം പോലെയാണ‌് കഴിയുന്നത‌്. അവിടെ ചില പ്രത്യേക അടയാളങ്ങളുമായി ചെന്ന‌് പ്രവർത്തിക്കുന്നത‌് അംഗീകരിക്കാനാകില്ല. ക്യാമ്പുകളിലേക്ക‌് നേരിട്ട‌് സഹായം നൽകാൻ പാടില്ല. അതത‌് ക്യാമ്പുകളിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസഥർ മുഖേന മാത്രമേ നൽകാവൂ. സംഘടനകളുടെ പ്രമാണിത്തം അനുവദിക്കില്ല. ക്യാമ്പുകളിൽ സ്വന്തമായി അടുക്കള സ്ഥാപിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ലാതെ സ്വന്തംനിലയിൽ രസീത‌് അടിച്ച‌് പണംപിരിക്കുന്ന പ്രവണത അനുവദിക്കില്ല. സംഘടനകളായാലും തദ്ദേശഭരണ സ്ഥാപനങ്ങളായാലും ഇത്തരം പ്രവണതകളിൽനിന്ന‌് പിൻമാറണം.ഓണാഘോഷം വേണ്ടെന്ന‌ുവച്ചപോലെ വിവാഹാഘോഷങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കാനും ആ തുക ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
 

പ്രധാന വാർത്തകൾ
Top