21 November Wednesday
പ്രളയദുരന്തം

മനുഷ്യസാധ്യമായതെല്ലാം സർക്കാർ ചെയ്‌തു: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

കൊച്ചി
സംസ്ഥാനത്ത്‌ പ്രളയദുരന്തം നേരിടുന്നതിന്‌ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചതായി ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്‌ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കാട്ടിയ ആർജവം തുടരണമെന്നും കോടതി പറഞ്ഞു. പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകയായ എ എ ഷിബി സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയാണ്‌ കോടതി പരിഗണിച്ചത്‌.
ദുരന്തനിവാരണത്തിന്‌ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ മനുഷ്യസാധ്യമായതെല്ലാം സർക്കാർ ചെയ്‌തതായി കോടതി വിലയിരുത്തി. ദുരിതാശ്വാസപ്രവർത്തനവും പുനർനിർമാണവും ഏറ്റവും സുതാര്യമാകണം. എന്തൊക്കെ കാര്യങ്ങൾചെയ്‌തു, ഇനി ചെയ്യാനുള്ള കാര്യങ്ങളെന്ത്‌ തുടങ്ങിയ വിവരങ്ങൾ ജനങ്ങളെ സമയാസമയം അറിയിക്കണം. 40 ലക്ഷത്തോളം പാഠപുസ്‌തകങ്ങൾ അച്ചടിച്ചുകഴിഞ്ഞ വിവരം മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചതായി  മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.  ഇത്തരം ഉറച്ച തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ദീർഘകാല അടിസ്ഥാനത്തിലുള്ള പുനർനിർമാണ കർമപദ്ധതിക്കു വൈകാതെ തുടക്കംകുറിക്കണം. നാശനഷ്ടം കൃത്യമായി വിലയിരുത്തണം. തുടക്കത്തിലേ നഷ്ടം വിലയിരുത്തിയില്ലെങ്കിൽ ഇൻഷുറൻസ്‌ അടക്കമുള്ള ആനുകൂല്യങ്ങൾ തടസ്സപ്പെടുമെന്നും പ്രകൃതിദുരന്തം അതിജീവിച്ചവർ മറ്റൊരു ദുരന്തത്തിന് ഇരയാകുമെന്നും കോടതി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട്‌ പൂർണമായെന്നും ദുരിതാശ്വാസപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകരപ്രസാദ്‌ അറിയിച്ചു. സർക്കാരിന്റേതടക്കം ആറായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട‌്. ഭക്ഷണവും മരുന്നും വസ്‌ത്രങ്ങളും മറ്റ്‌ അവശ്യസാധനങ്ങളും വിതരണംചെയ്യുന്നുണ്ടെന്നും എജി വിശദീകരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top