21 September Friday

മീൻ ലഭ്യതയിൽ കേരളം മൂന്നാമത്

സതീഷ‌് ഗോപിUpdated: Monday Aug 13, 2018

മീൻപ്രിയർക്ക് സന്തോഷിക്കാം. കേരളത്തിന്റെ കടലതിർത്തിയിലേക്ക് മീൻകൂട്ടം മടക്കയാത്ര തുടങ്ങി. സ്വാദിലും പോഷകത്തിലും മുമ്പനായ നെയ്മത്തിയുടെ ലഭ്യതയിലാണ് ഏറെ വർധന. ചെമ്മീനും പാമ്പാടയും കിളിമീനുമെല്ലാം സുലഭമായത് മത്സ്യസമ്പത്ത് വർധനയുടെ സൂചകമാണ്. 2017ൽ കടൽമത്സ്യ ലഭ്യതയിൽ 5.6 ശതമാനം വർധന രേഖപ്പെടുത്തിയതായാണ് സെൻട്രൽ മറൈൻ ഫിഷ് റിസർച്ച് ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ കണക്ക്.

ഇന്ത്യയിലെ ആകെ മത്സ്യലഭ്യത 2017ൽ 3.83 ദശലക്ഷം ടണ്ണായിരുന്നു. ഇതിൽ 20.5 ശതമാനം വിഹിതവുമായി ഗുജറാത്താണ് മുമ്പിൽ. 7.86 ലക്ഷം ടണ്ണാണ് അവർക്ക് ലഭിച്ചത്. രണ്ടാമത് തമിഴ്നാടും മൂന്നാം സ്ഥാനം കേരളത്തിനുമാണ്. 2016ൽ നാലാംസ്ഥാനമായിരുന്നു‐ 5.23 ലക്ഷം ടണ്ണായിരുന്നത് 5.85 ലക്ഷംടണ്ണായി.

ആകെ മത്സ്യലഭ്യതയിൽ 5.6 ശതമാനത്തിന്റെ വർധന. നെയ്മത്തിയുടെ ലഭ്യതയിൽ 176 ശതമാനം വർധനയാണ‌്, 45958 ടണ്ണായിരുന്നത് 1.27 ലക്ഷം ടണ്ണായി. മുൻ വർഷങ്ങളിൽ നെയ‌്മത്തി കാലാവസ്ഥാവ്യതിയാനംമൂലം കേരളത്തിൽനിന്ന് അകന്നിരുന്നു. മീൻലഭ്യതയിൽ മൂന്നാംസ്ഥാനംലഭിച്ചതിന‌് കാരണവും നെയ്മത്തിയാണ്. 2012ന് ശേഷമുള്ള റെക്കോഡ് കുതിപ്പാണ് ഇത്.

രാജ്യത്തെ തീരങ്ങളിൽ നെയ്മത്തിയുടെ ലഭ്യത വൻതോതിൽ ഇടിയുകയാണ്. ആന്ധ്രാപ്രദേശിൽ 83 ശതമാനവും തമിഴ്നാട്ടിൽ 36 ശതമാനവും ലഭ്യതക്കുറവാണ് 2016ൽ രേഖപ്പെടുത്തിയത്.  കേരളത്തിന്റെ മത്സ്യലഭ്യതയിൽ പൊതുവേ വർധന രേഖപ്പെടുത്തുന്നു. ചെമ്മീൻ (43468 ടൺ ), കിളിമീൻ (41841ടൺ), കണവ (43463ടൺ)എന്നിവയുടെ ലഭ്യതയിലും കാര്യമായ വർധനയുണ്ടായി.മീൻപിടിത്തത്തിൽ കേരളത്തെ മൂന്നാമതെത്തിച്ചതിൽ നെയ്മത്തിക്കൊപ്പം കിളിമീനും സ്ഥാനമുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top