25 September Tuesday

ജനാധിപത്യത്തിന്റെ ഉത്സവത്തിന‌് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ സമാപന ഭാഗമായി സംഘടിപ്പിക്കുന്ന 'ജനാധിപത്യത്തിന്റെ ഉൽസവ'ത്തിന‌് തുടക്കമായി. രാഷ‌്ട്രപതി രാംനാഥ‌് കോവിന്ദ‌് ഉദ‌്ഘാടനം നിർവഹിച്ചു. ഗവർണർ ജസ‌്റ്റിസ‌് പി സദാശിവം അധ്യക്ഷനായി. കേരള നിയമസഭയുടെയും പാർലമെന്ററികാര്യവകുപ്പിന്റെയും ആഭിമുഖ്യത്തിലാണ‌് പരിപാടി.

ഉദ‌്ഘാടനചടങ്ങിന‌് മുന്നോടിയായി നിയമസഭാങ്കണത്തിൽ രാഷ‌്ട്രപതി വൃക്ഷത്തൈ നട്ടു. ഉദ‌്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ,  മന്ത്രി എ കെ ബാലൻ, പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല എന്നിവർ സംസാരിച്ചു.
സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി സ‌്പീക്കർ വി ശശി നന്ദിയും പറഞ്ഞു. ഉദ‌്ഘാടന ചടങ്ങ‌ുകൾക്കുശേഷം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രം വിശദമാക്കുന്ന സാംസ‌്കാരിക പരിപാടികൾ അരങ്ങേറി. രാഷ‌്ട്രപതിക്ക‌് നിയമസഭയുടെ ഉപഹാരം സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ സമ്മാനിച്ചു.

ഉച്ചയ‌്ക്കുശേഷം 'സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതി‐വർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ' സംബന്ധിച്ച‌് നിയമസഭാ സാമാജികരുടെ ദേശീയ കോൺഫറൻസ‌് ആരംഭിച്ചു.

ആന്ധ്ര സർക്കാരിന്റെ മുൻ ഉപദേശകൻ പി എസ‌് കൃഷ‌്ണൻ ആശയമവതരിപ്പിച്ചു.'നീതിന്യായ സംവിധാനത്തിന്റെ ഇടപെടലുകളുടെ അനുഭവങ്ങളും സാധ്യതകളും' വിഷയത്തിൽ പ്രമുഖ അഭിഭാഷകൻ മജീദ്‌ മേമൻ, 'ജാതിവ്യവസ്ഥയും പട്ടികവിഭാഗങ്ങളുടെ ഉന്നമനവും' വിഷയത്തിൽ ഡോ. കാഞ്ച എലയ്യ, 'ഭരണഘടനാനുസൃത നീതി; യാഥാർഥ്യവും പ്രതീക്ഷകളും' വിഷയത്തിൽ ഡോ. ഗോപാൽ ഗുരു എന്നിവർ പ്രബന്ധമവതരിപ്പിച്ചു.

വിവിധ സെഷനുകളിൽ ചിറ്റയം ഗോപകുമാർ, ആർ രാജേഷ‌്, ഐ സി ബാലകൃഷ‌്ണൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ കോ ഓർഡിനേറ്ററായി. രാത്രി ഏഴിന‌് നിയമസഭാ സമുച്ചയത്തിൽ  കലാപരിപാടികൾ അരങ്ങേറി.

ചൊവ്വാഴ‌്ച വിവിധ മേഖലാ സെഷനുകളുടെ ചർച്ച തുടരും. പകൽ 11.30 മുതൽ 1.30 വരെ ഓപ്പൺ ഫോറം നടക്കും. കേന്ദ്രമന്ത്രി രാംദാസ‌് അത‌്വാലെ ഉദ‌്ഘാടനംചെയ്യും. സമാപനയോഗത്തിൽ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ ഉപസംഹാര പ്രസംഗം നടത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top