23 September Sunday

കേരളം രാജ്യത്തിന‌് മാതൃക: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


കേരള നിയമസഭ രാജ്യത്തിനുതന്നെ മാതൃകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയുടെ 60‐ാം വാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച‌് ‘ജനാധിപത്യത്തിന്റെ ഉത്സവം’ പരിപാടിയുടെ ഉദ‌്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആറുപതിറ്റാണ്ടിനിടയ‌്ക്ക‌് ഇന്ത്യൻ ജനാധിപത്യത്തിന‌് കേരള നിയമസഭ വലിയ സംഭാവനയാണ‌് നൽകിയത‌്. ഇതിൽ പ്രധാനപ്പെട്ടതാണ‌് കൂട്ടുകക്ഷി സർക്കാർ. ഇൗ സംവിധാനം ഇപ്പോൾ മറ്റ‌് സംസ്ഥാനങ്ങളിൽ മാത്രമല്ല, കേന്ദ്രഭരണത്തിലും വിജയകരമായി നടപ്പാക്കുന്നു. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു സംഭാവനയാണ‌് ബില്ലുകൾ സബ‌്ജക്ട‌് കമ്മിറ്റിക്ക‌് വിടുന്നത‌്. മറ്റ‌് സംസ്ഥാനങ്ങളും പാർലമെന്റും ഇത‌് ഏറ്റെടുത്തു.

കേരളത്തിലെ ആദ്യസർക്കാർമുതൽ ഇപ്പോഴത്തെ എൽഡിഎഫ‌് സർക്കാർവരെ ജനജീവിതം മെച്ചപ്പെടുത്തുന്നതിന‌് ക്രിയാത്മക ഇടപെടലുകൾ നടത്തുന്നുണ്ട‌്. അതിലേറ്റവും പ്രധാനപ്പെട്ടതാണ‌് പട്ടികജാതി‐വർഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികൾ.  ഈ വിഭാഗത്തിനുവേണ്ടിയുള്ള  സ‌്പെഷ്യൽ കംപോണന്റ‌് പ്ലാൻ, ട്രൈബൽ സബ‌് പ്ലാൻ എന്നിവ കേന്ദ്രസർക്കാർ ഇല്ലാതാക്കി. എന്നാൽ, കേരളം ഇവ നിലനിർത്തി.

പട്ടികജാതി‐വർഗ വിഭാഗങ്ങൾക്കുവേണ്ടി പ്രത്യേക ഫണ്ട‌് മാറ്റിവയ‌്ക്കുന്ന ഏക സംസ്ഥാനം കേരളമാണ‌്. സർക്കാർ സർവീസുകളിൽ പിന്നോക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കേരളത്തിൽ സ‌്പെഷ്യൽ റിക്രൂട്ട‌്മെന്റ‌് നടത്തുന്നുണ്ട‌്. ഇതുകൊണ്ടുമാത്രം പിന്നോക്കവിഭാഗങ്ങളെ മുഖ്യധാരയിലേക്ക‌് കൈപിടിച്ചുയർത്താനാകില്ല. ഇതിനായി സാമൂഹികമായ ഇടപെടലുകൾകൂടി നടത്തണം. കേരള സർക്കാർ ഈ ഉത്തരവാദിത്തം ഏറ്റെടുത്ത‌് ഭംഗിയായി പ്രവർത്തിക്കുന്നുണ്ട‌്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പിന്നോക്കവിഭാഗക്കാരെ ശാന്തിമാരായി നിയമിച്ചത‌് ഇതിന്റെ ഭാഗമാണ‌്. ജനാധിപത്യത്തെ ഉപയോഗിച്ചാണ‌് കേരളം തുല്യതയും നീതിയും നടപ്പാക്കുന്നതെന്ന‌് ‐ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top