15 November Thursday

ജനാധിപത്യത്തിന്റെ ഉത്സവം : പട്ടികവിഭാഗങ്ങൾക്ക‌് കൃഷിഭൂമി ലഭ്യമാക്കണം

സ്വന്തം ലേഖകൻUpdated: Wednesday Aug 8, 2018

പട്ടികവിഭാഗങ്ങൾക്ക‌് മതിയായ കൃഷിഭൂമി ലഭ്യമാക്കണമെന്ന‌് സാമാജികരുടെ ദേശീയസമ്മേളനം  ആവശ്യപ്പെട്ടു. മിച്ചഭൂമി, റവന്യു ഭൂമി, ക്ഷേത്രങ്ങളുടെ കൈവശമുള്ള അധികഭൂമി തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കണം. പ്രത്യേകം നിയമനിർമാണം അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും ദേശീയ സമ്മേളനം അംഗീകരിച്ച ‘തിരുവനന്തപുരം പ്രഖ്യാപന’ത്തിൽ ആവശ്യപ്പെട്ടു. നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ ഉത്സവം പരിപാടിയിൽ സ്വതന്ത്ര ഇന്ത്യയിലെ പട്ടികജാതി‐പട്ടികവർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലായിരുന്നു സാമാജികരുടെ ദേശീയ സമ്മേളനം. നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശാക്തീകരിച്ച‌് എല്ലാ വിധത്തിലുള്ള തൊട്ടുകൂടായ‌്മയും  ഇല്ലായ‌്മ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരള സർവകലാശാല മുൻ വൈസ‌് ചാൻസലർ ഡോ. ജെ പ്രഭാഷ‌് പ്രഖ്യാപനരേഖ അവതരിപ്പിച്ചു. സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ അധ്യക്ഷനായി.

പ്രധാന നിർദേശങ്ങൾ

വനാവകാശ നിയമം: സമഗ്ര വിലയിരുത്തൽ വേണം.

സാമുദായിക അവകാശം സംരക്ഷിക്കുന്നുവെന്ന‌് സംസ്ഥാനങ്ങൾ ഉറപ്പാക്കണം.

ആദിവാസികൾക്ക‌് കോട്ടംതട്ടാത്ത പ്രകൃതിസംരക്ഷണവും വികസന പ്രവർത്തനവും സമന്വയിപ്പിക്കണം.

മനുഷ്യാധ്വാനംമാത്രം ഉപയോഗിച്ചുള്ള തോട്ടിപ്പണി അവസാനിപ്പിക്കണം.

ബജറ്റുകളിൽ പട്ടികവിഭാഗങ്ങൾക്കായി പ്രത്യേക ഉപപദ്ധതികൾ ഉറപ്പാക്കണം.

എല്ലാ കുടുംബങ്ങൾക്കും വീടും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കണം

വിദ്യാഭ്യാസ അവകാശനിയമത്തിന്റെ സമഗ്രമായ നടപ്പാക്കൽ ഉറപ്പാക്കണം.

വിദ്യാർഥികൾക്കായി പരമാവധി ഹോസ‌്റ്റൽ സൗകര്യമൊരുക്കണം.

എല്ലാ സംസ്ഥാനങ്ങളിലും എസ‌്സി കമീഷനും എസ‌്ടി കമീഷനും രൂപീകരിക്കുന്നത‌് നിർബന്ധമാക്കണം

തൊഴിലുറപ്പ‌് പദ്ധതിയിൽ പട്ടികവിഭാഗങ്ങൾക്ക‌് വർഷം 200 തൊഴിൽദിനം ഉറപ്പാക്കണം

വിദേശത്ത‌് തൊഴിൽലഭ്യമാക്കുന്നതിനുള്ളപരിശീലനം ഉറപ്പാക്കണം.

അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രത്യേക ന്യായാധിപർ, കോടതികൾ, പ്രോസിക്യൂട്ടർമാർ തുടങ്ങിയവരെ  ഉറപ്പാക്കണം.

വിവിധ മതസമുദായവിഭാഗങ്ങൾ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കണം. ഇത്തരം വിവാഹങ്ങളിലെ ആദ്യ തലമുറ കുട്ടികൾക്കെങ്കിലും സംവരണം ഉറപ്പാക്കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top