21 May Monday

'ഇരുള്‍വിഴുങ്ങും മുമ്പേ' കമലിന് ജന്മനാടിന്റെ ഐക്യദാര്‍ഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017

കമലിന് ഐക്യദാര്‍ഢ്യവുമായി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം പൊളിറ്റ് ബ്യൂറോഅംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂര്‍ > ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനുനേരെ സംഘപരിവാര്‍ നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ  ജന്മനാടിന്റെ ഐക്യദാര്‍ഢ്യം. ’ഇരുള്‍ വിഴുങ്ങും മുമ്പേ.... ജന്മനാടിന്റെ ഒരു ഐക്യദാര്‍ഢ്യം എന്ന പേരില്‍’കൊടുങ്ങല്ലൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിരോധകൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പ്രതിരോധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി പറഞ്ഞു.  വിഷം പുരട്ടിയ കത്തിയും വിഷം പുരട്ടിയ വെടിയുയും വിഷലിപ്തമായ ഭാഷയുമാണ് സംഘപരിവാര്‍ ഫാസിസം തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ നേരെ പ്രയോഗിക്കുന്നത്. തങ്ങള്‍ക്ക് യോജിപ്പില്ലാത്ത വാക്കും പ്രവര്‍ത്തിയും അനുവദിക്കില്ലന്നാണ് അവര്‍ പറയുന്നത്. നമ്മുടെ ഇഷ്ടത്തോടൊപ്പം മറ്റുള്ളവര്‍ക്കും ഇഷ്ടങ്ങളുന്ന്െ അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ പ്രാഥമികതത്വം. അത് ചര്‍ച്ച ചെയ്യാന്‍ പൊതുയോഗം ചേരേ ഗതികേടിലേക്ക് ഇന്ത്യ പോയ്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ യഥാര്‍ഥ ഹിന്ദുവായ ഗാന്ധിജിയെ വധിച്ച ഗോഥ്സേയുടെ ശബ്ദത്തിലാണ് സംഘ്പരിവാര്‍ സംസാരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

കലാസാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമടക്കം നൂറ് കണക്കിന് ജനങ്ങളാണ് കമലിന് ഐക്യദാര്‍ഢ്യവുമായി കൊടുങ്ങല്ലൂരില്‍ എത്തിയത്. നാട്ടിലെ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലാണ് അസഹിഷ്ണുതയോടെ സംഘപരിവാര്‍ നടത്തുന്ന ആരോപണങ്ങളെ തള്ളണമെന്നും കമലിന് പ്രതിരോധം തീര്‍ക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

നഗരസഭാ ചെയര്‍മാന്‍ വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി. കവി സച്ചിദാനന്ദന്റെ സന്ദേശം വായിച്ചാണ് ചടങ്ങ് ആരംഭിച്ചത്. സിപിഐ ദേശീയഎക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം, എംഎല്‍എമാരായ പ്രൊഫ. കെ യു അരുണന്‍, വി ടി ബല്‍റാം, വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ എന്നിവരും വൈശാഖന്‍, ഡോ. കെ പി മോഹനന്‍, പൊന്ന്യം ചന്ദ്രന്‍, ഡോ. സുനില്‍ പി ഇളയിടം, സാറാ ജോസഫ്, കെ വേണു, പി എന്‍ ഗോപീകൃഷ്ണന്‍, എന്‍ മാധവന്‍കുട്ടി, ലാല്‍ ജോസ്, ആഷിക് അബു, റിമാ കല്ലിങ്കല്‍, സജിത മഠത്തില്‍, ബീനാ പോള്‍, പി ജി പ്രേംലാല്‍, ബിജിപാല്‍, സലാംബാബു, ആര്‍ ഉണ്ണി, എം എസ് ധനേഷ്, ഷാഹിന നഫീസ, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദീപ നിശാന്ത്, അഡ്വ. വി ഡി പ്രേംപ്രസാദ്, എന്‍ എം പിയേഴ്‌സണ്‍, ഇ എം സതീശന്‍,  ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.

ഇവരെക്കൂടാതെ ചിത്രകാരന്മാരും സിനിമാ-നാടകപ്രവര്‍ത്തകരും വിവിധ സംഘടനാപ്രവര്‍ത്തകരുമായി നൂറുകണക്കിന് കലാസാംസ്കാരിക പ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുത്തത്്. ജനങ്ങളില്‍ വലിയ അളവ് സ്ത്രീകളായിരുന്നു. കൊടുങ്ങല്ലൂര്‍ സമീപകാലത്തുകണ്ട ഏറ്റവും സമ്പന്നമായ സംഗമമായി കമലിനോടുള്ള സ്നേഹപ്രകടനം മാറി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top