21 November Wednesday
ഡാം പൊട്ടിയെന്നുവരെ പ്രചരണം

വെള്ളപ്പൊക്കത്തിനും മീതെ വ്യാജവാർത്തയും സന്ദേശങ്ങളും: കര്‍ശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖികUpdated: Saturday Aug 18, 2018

കൊച്ചി> ‘മുല്ലപ്പെരിയാർ അണക്കെട്ട‌് പൊട്ടി, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തകരാറിലായതിനാൽ തുറക്കാനാകാതെ വെള്ളം കവിഞ്ഞൊഴുകുന്നു, മൂന്ന‌് മണിക്കൂറിനകം എറണാകുളവും  തൃശൂരും ആലപ്പുഴയും മുങ്ങും, വെള്ളം എറണാകുളം നഗരത്തിലേക്ക‌്, ഭൂതത്താൻകെട്ട‌് അണക്കെട്ട‌് തകർന്നു..., ’ എന്നിങ്ങനെ വ്യാജവാർത്തകൾ പരക്കുകയാണ‌് തലങ്ങും വിലങ്ങും. എസ‌്എംഎസ‌്, വോയ‌്സ‌് മെസേജ‌്, ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്, ഫോൺവിളികൾ എന്നിങ്ങനെ പല രൂപങ്ങളിലാണ‌്  വ്യാജസന്ദേശം പരക്കുന്നത‌്. കേട്ടത‌് സത്യമാണോയെന്ന‌്  ചിന്തിക്കാനോ ശരിയാണോയെന്ന‌് സ്ഥിരീകരിക്കാനോ നിൽക്കാതെ കിട്ടിയപടി മറ്റുള്ളവരിലേക്ക‌് കൈമാറുകയാണ‌് പലരും.

ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നുണ്ട്. ഭീതിജനിപ്പിക്കുന്ന പോസ്റ്റുകള്‍ സൈബര്‍ ഡോം നീക്കുന്നുമുണ്ട്. വ്യാജസന്ദേശങ്ങൾ പടച്ചുവിടുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന‌് ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം മുന്നറിയിപ്പുകൾ വന്നിട്ടും വ്യാജൻമാർക്ക‌് കൂസലില്ല.

ചിലർ വ്യാജവാർത്ത കേട്ടയുടൻ പത്രമോഫീസുകളിലേക്കും റിപ്പോർട്ടർമാരുടെ ഫോണുകളിലേക്കും വിളിച്ചു. ‘മുല്ലപ്പെരിയാർ പൊട്ടിയോ?’ എന്നായിരുന്നു അന്വേഷണങ്ങളിൽ ഏറെയും. ഇല്ലെന്നു പറഞ്ഞാലും വിശ്വാസമാകാതെ ചിലർ. സുരക്ഷാഭീഷണികാരണം അറിയിക്കാതെ വച്ചുകൊണ്ടിരിക്കുകയാണോ എന്ന‌ും തുടർചോദ്യങ്ങൾ.

അതിനിടെ, എറണാകുളം നഗരത്തിലേക്ക‌് വെള്ളമെത്തിയെന്നും നഗരം മുങ്ങുമെന്നുമുള്ള ചാനൽവാർത്തകൂടിയായതോടെ ജനം കടുത്ത ഭീതിയിലായി. മഴപ്പെയ‌്ത്ത‌് കൂടിയാൽ നഗരത്തിലെ കാനകളും ചെറിയ തോടുകളും നിറഞ്ഞുകവിഞ്ഞ‌് വെള്ളം കയറുന്ന പതിവുണ്ടായിട്ടും പതിവുപോലെ വെള്ളം കയറിയപ്പോൾ ഉടൻ ചാനൽവാർത്തകൾ ‘നഗരത്തിലും വെള്ളമെത്തി’ എന്ന നിലയിലായിരുന്നു. ഇതുകേട്ടയുടൻ നഗരവാസികൾ അവശ്യസാധനങ്ങളെടുത്ത‌് നെട്ടോട്ടമോടാൻ തുടങ്ങി. നഗരത്തിലേക്ക‌് ഇറങ്ങിനോക്കിയവർക്ക‌് മനസ്സിലായി ചാനലുകളും പേടിപ്പിക്കുകയാണെന്ന‌്. ഇതിനിടെ, കടൽ ഇരച്ചുകയറുന്നുവെന്നും കായലിൽ ജലനിരപ്പ‌് ക്രമാതീതമായി ഉയരുന്നുവെന്നുമുള്ള പ്രചാരണങ്ങളും വന്നു. ഭക്ഷണസാധനങ്ങൾ പരമാവധി വാങ്ങിശേഖരിക്കുന്ന തിരക്കിലായി പലരും. ഇതിനിടെ, അവശ്യസാധനങ്ങൾ കിട്ടാനില്ലെന്നും പലയിടത്തും കടകൾ കുത്തിത്തുറക്കുന്നുവെന്നും വാട‌്സാപ്‌ സന്ദേശങ്ങൾ പ്രചരിച്ചു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top