20 September Thursday

ദുരിതാശ്വാസ നിധി: ഇറാം ഗ്രൂപ്പ്‌ രണ്ട് കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

തിരുവനന്തപുരം > പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പ്‌ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഐ.റ്റി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ പേരിലുള്ള ചെക്ക് ഇറാം ഗ്രൂപ്പിന്റെ സി.എം.ഡി ഡോ.സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രിക്ക്‌ കൈമാറി. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിൽ നിന്നും പതിമൂന്ന് ലക്ഷത്തിലധികം ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി മത്സ്യത്തൊഴിലാളികളെയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള  കേരള സർക്കാരിന്റെ സമയോചിത ഇടപെടൽ പ്രശംസനീയമാണെന്നും സർക്കാരിന്‌ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

ഇറാം ഗ്രൂപ്പ് നേരിട്ടും, സർക്കാരുമായി സഹകരിച്ചും പ്രളയബാധിതർക്ക് സഹായഹസ്തവുമായി ഒപ്പം ഉണ്ടായിരുന്നു. മുന്നൂറിലധികം ലൈഫ് ജാക്കറ്റ്സും ഹെഡ് ലാമ്പും രക്ഷാപ്രവർത്തനത്തിനു വേണ്ടിയുള്ള നിരവധി ഉപകരണങ്ങളും പ്രവർത്തന മേഖലകളിൽ എത്തിച്ചു. ക്യാമ്പുകളിൽ നിന്ന് തിരികെ സ്വന്തം വീടുകളിൽ എത്തുന്നവർക്ക് കട്ടിലുകൾ വിതരണം ചെയ്തു. കൂടാതെ അടിയന്തിര സഹായമായി 2000ലധികം കുടുംബങ്ങൾക്ക് പത്ത് ദിവസം കഴിയുന്നതിനുവേണ്ടിയുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ എത്തിച്ചു. മങ്കര, കോട്ടായി, മണ്ണൂർ പഞ്ചായത്തുകളുമായി സഹകരിച്ച് വിവിധ കിറ്റുകളും പുതപ്പും വിതരണം ചെയ്തു.

രക്ഷാപ്രവർത്തനത്തിന്‌ സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന സംസ്ഥാന സർക്കാർ ചടങ്ങിൽ മത്സ്യത്തൊഴിലാളികളെ ''ജെം ഓഫ് സീ'' മെഡൽ നൽകി ആദരിക്കാനും ഇറാം ഗ്രൂപ്പ് ആഗ്രഹം പ്രകടിപ്പിച്ചു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കും മക്കൾക്കും മറ്റ് ബന്ധുക്കൾക്കും ഇറാം ഗ്രൂപ്പും തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കെയ്സും സംയുക്തമായി നടത്തുന്ന സ്‌കിൽസ് അക്കാദമിയിൽ സൗജന്യമായി തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസന കോഴ്സ് പഠിക്കുന്നതിന്‌ അവസരം നൽകുമെന്നും ഇറാം ഗ്രൂപ്പ്‌ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് അതാത്‌ പ്രദേശങ്ങളിലെത്തി അടിയന്തിര ഘട്ടങ്ങളിലുള്ള പ്രഥമശുശ്രൂഷയ്ക്കുള്ള പരിശീലനം നൽകും. പൂനെയിൽ പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ പവർ ഇലക്ട്രോണിക് കമ്പനിയായ ഇറാം മാഗ്നാഫ്ളക്സ് സോളാർ അധിഷ്ഠിത ബോട്ടുകൾ എന്ന മുഖ്യമന്ത്രിയുടെ ആശയത്തിന് ഗുണം ചെയ്യുന്ന തരത്തിലുള്ള മാർഗനിർദ്ദേശങ്ങളും വേണ്ട പിന്തുണയും നൽകാൻ തയ്യാറാണെന്നും സഹകരിക്കാൻ പറ്റുന്ന മറ്റ് മേഖലകളിൽ സൗദിയിലെ മറ്റ് കമ്പനികളെയും വ്യവസായികളെയും സന്നദ്ധസംഘടനകളെയും കൂടി ഉൾപ്പെടുത്തി കൂട്ടായ പങ്കാളിത്തത്തിന്‌ സന്നദ്ധമാണെന്നും ഇറാം ഗ്രൂപ്പ്‌ സി.എം.ഡി. ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രിയെ അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top