Top
24
Friday, February 2017
About UsE-Paper

സ്വാശ്രയ എന്‍ജിനിയറിങ് പീഡനം : പ്രത്യേക സമിതി, ഓംബുഡ്സ്മാന്‍

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

 

തിരുവനന്തപുരം > തൃശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് മന്ത്രി  സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. ഇതിനായി സമിതിയെ നിയമിക്കാന്‍ സര്‍വകലാശാലയോട് മന്ത്രി നിര്‍ദേശിച്ചു. സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല ഗവേണിങ് ബോഡി തീരുമാനിച്ചു.

സംസ്ഥാനത്ത് ഒരുവിഭാഗം മാനേജ്മെന്റുകളും അധ്യാപകരും വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതിന്റെ ദാരുണമായ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാലയും ശക്തമായി ഇടപെടാന്‍ തീരുമാനിച്ചത്.

ജില്ലാ ജഡ്ജിയുടെ പദവിയില്‍ കുറയാത്തയാളായിരിക്കും ഓംബുഡ്സ്മാന്‍. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ 155 കോളേജിലെ വിദ്യാര്‍ഥികളുടെ പരാതികള്‍ ഓംബുഡ്സ്മാന്‍ പരിശോധിക്കും. യുജിസിയുടെയും എഐസിടിഇയുടെയും മാര്‍ഗനിര്‍ദേശം അനുസരിച്ചാകും പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കു നേരെ ഉണ്ടാകുന്ന ഏത് അത്രികമങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഓംബുഡ്സ്മാന് അധികാരമുണ്ടാകും.

ലൈംഗികാതിക്രമം, അന്യായഫീസ്, മാനേജ്മെന്റുകളുടെ ആവശ്യാര്‍ഥം അക്കാദമിക് കാര്യങ്ങള്‍ക്കല്ലാതെ വിദ്യാര്‍ഥികളെ ഉപയോഗിക്കല്‍, പ്രോസ്പെക്ടസിലെ സൌകര്യങ്ങള്‍ അനുവദിക്കാതിരിക്കല്‍, ഹോസ്റ്റല്‍ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരാതികള്‍ ഓംബുഡ്സ്മാന്‍ പരിശോധിക്കും.

കോളേജുകളിലെ പഠനക്രമം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുവേണ്ട പശ്ചാത്തല സൌകര്യങ്ങള്‍, പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ എന്നിവ സാങ്കേതിക സര്‍വകലാശാല നിയോഗിക്കുന്ന സമിതി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കൂ. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അഫിലിയേഷന്‍ പുതുക്കിനല്‍കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം സര്‍വകലാശാല നിയോഗിക്കുന്ന സമിതി കോളേജുകള്‍ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ കോളേജുകള്‍ക്ക് അംഗീകാരം പുതുക്കി നല്‍കേണ്ടതുള്ളൂവെന്നും ഗവേണിങ് ബോഡി തീരുമാനിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം
തിരുവനന്തപുരം > തൃശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി  ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രത്യേകസംഘം അന്വേഷിക്കും
തിരുവനന്തപുരം > എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.  തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസ്ഐ   പി കെ പത്മരാജന്‍, പഴയന്നൂര്‍ അഡീഷണല്‍ എസ്ഐ ടി കെ ശശിധരന്‍, വനിതാസെല്‍ എഎസ്ഐ ഉദയചന്ദ്രിക എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷകസംഘം അന്വേഷണ പുരോഗതി സംബന്ധിച്ച് ദ്വൈവാര റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

Related News

കൂടുതൽ വാർത്തകൾ »