17 December Monday

നടുവൊടിച്ച്‌ സംഘപരിവാർ ഹർത്താൽ, വയർ നിറച്ച്‌ ഡിവൈഎഫ്‌ഐ... അയ്യപ്പഭക്തർക്കും ദീർഘദൂരയാത്രക്കാർക്കും ഭക്ഷണമൊരുക്കി

സ്വന്തം ലേഖകൻUpdated: Saturday Nov 17, 2018

കോട്ടയ്ക്കൽ > സംഘപരിവാറിന്റെ അപ്രതീക്ഷിത ഹർത്താലിൽ ശബരിമല തീർഥാടകർ വലഞ്ഞപ്പോൾ ഭക്ഷണമൊരുക്കി ഡിവൈഎഫ്‌ഐ. വിലക്ക്‌ ലംഘിച്ച്‌ ശബരിമലയിലെത്തിയ കെ പി ശശികലയെ അറസ‌്റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ ഇന്ന്‌ രാവിലെ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ വാഹനങ്ങളും ഭക്ഷണവും ലഭിക്കാതെ വലഞ്ഞ അയ്യപ്പഭക്തർക്കും പൊതുജനങ്ങൾക്കും സഹായഹസ്‌തവുമായെത്തിയത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌. ഡിവൈഎഫ്‌ഐ കോട്ടയ്‌ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷണ വിതരണം അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമെത്തിയ നിരവധി ശബരിമല തീർഥാടകർക്ക്‌ ആശ്രയമായി.



വളരെ വൈകി ഹർത്താൽ പ്രഖ്യാപിച്ചതിനാൽ യാത്ര മാറ്റിവയ‌്ക്കാൻ കഴിയാതിരുന്നവരുടെ ദുരിതം മനസിലാക്കിയാണ‌് കോട്ടക്കൽ ബ്ലോക്ക‌് കമ്മിറ്റി യാത്രക്കാർക്ക‌് ഭക്ഷണം നൽകാൻ തീരുമാനിച്ചത‌്. ചങ്കുവെട്ടി ദേശീയപാതയോരത്തെ ഹോട്ടലുകളും കടകളും അടച്ചിട്ടതോടെ പരിചയമുള്ള കാറ്ററിങ് ഏജൻസിയെ വിളിച്ച‌് രാവിലെ തന്നെ 150 പേർക്കെങ്കിലും സദ്യ ഒരുക്കാൻ ആവശ്യപ്പെട്ടു. പകൽ 12ന്‌ ഗസ‌്റ്റ‌് ഹൗസിന‌് സമീപം പാതയോരത്ത‌് സംഘപരിവാർ‐ബിജെപി ഹർത്താലിൽ വലഞ്ഞ അയപ്പ ഭക്തർക്കും യാത്രക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന ബോർഡും സ്ഥാപിച്ചു.



കർണാടകയിലെയും ഗോവയിലെയും മഹാരാഷ്ട്രയിലെയും അയ്യപ്പ ഭക്തരുടെ വാഹനങ്ങൾക്ക‌് കൈകാട്ടി ഭക്ഷണവിതരണ കാര്യം പറഞ്ഞതോടെ അവരുമെത്തി. പന്ത്രണ്ടരയോടെ ചോറും സാമ്പാറും മോരും അവിയലും കൂട്ടുകറിയും അച്ചാറുമുൾപ്പെടെയുള്ള അസ്സൽ സദ്യ വയറും മനസ്സും നിറച്ച‌് കഴിച്ചപ്പോൾ പലരുടെയും കണ്ണുനിറഞ്ഞു. പച്ച വെള്ളം പോലും കിട്ടാത്തവരും ഓറഞ്ച‌് മാത്രം കഴിച്ച‌് വിശപ്പടക്കിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന‌് ഡിവൈഎഫ‌്ഐ കോട്ടയ്ക്കൽ ബ്ലോക്ക‌് സെക്രട്ടറി ടി ഷെമീമും പ്രസിഡന്റ‌് കെ സുബ്രഹ്മണ്യനും പറഞ്ഞു. ഭക്ഷണം കഴിച്ച അയ്യപ്പഭക്തരും യാത്രക്കാരും ഡിവൈഎഫ‌്ഐയുടെ ഉദ്യമത്തിന‌് നന്ദി പറഞ്ഞാണ‌് യാത്ര തുടർന്നത‌്. സംഘടിപ്പിക്കാനും ഭക്ഷണം വിളമ്പാനുമായി മുപ്പതോളം ഡിവൈഎഫ‌്ഐ പ്രവർത്തകരാണ‌് ഒത്തു കൂടിയത‌്.

ഹർത്താൽ ദിനത്തിലെ ഡിവൈഎഫ്‌ഐ ഭക്ഷണവിതരണത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലും നിരവധി പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചും ഡിവൈഎഫ്‌ഐ ഉദ്യമത്തിന്‌ അഭിനന്ദനമർപ്പിച്ചും രംഗത്തെത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top