24 September Monday

പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞും തെറിവിളിച്ചും സംഘപരിവാര്‍ അക്രമം; സംരക്ഷണ വലയം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

തൃപ്പൂണിത്തുറ >  ബിജെപി-ആര്‍എസ്എസ്-സംഘപരിവാര്‍ അക്രമികളുടെ അക്ഷര വിരോധത്തിനെതിരെ തൃപ്പൂണിത്തുറയില്‍ പ്രതിഷേധമിരമ്പി. മാതൃഭൂമി സംഘടിപ്പിച്ച ആധ്യാത്മിക പുസ്തകോത്സവത്തിനെതിരെ രംഗത്തു വന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററിലെ പ്രദര്‍ശന ഹാളില്‍ കയറി പുസ്തകങ്ങള്‍ വാരിയെറിയുകയും ജീവനക്കാരെ തെറി വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും സംരക്ഷണ വലയത്തിലും നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കുള്ള ബി ജെ പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററിലെ പുസ്തകോത്സവ വേദിയിലെത്തി ആക്രമണം നടത്തിയത്. പുസ്തകം വാങ്ങാനെത്തിയ സ്ത്രീകളെയും കുട്ടികളെയും അടക്കം ചീത്ത വിളിച്ച് ഓടിക്കുകയായിരുന്നു. എസ്ഐ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് മാതൃഭൂമി ജീവനക്കാരെയും പ്രദര്‍ശനം കാണാനെത്തിയവരെയും സംരക്ഷിച്ചത്.

ഇതേത്തുടര്‍ന്ന് പ്രകോപിതരായ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കത്തിച്ചാണ് അരിശം തീര്‍ത്തത്. ശനിയാഴ്ച രാവിലെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപിതരായി പുസ്തക പ്രദര്‍ശന സ്റ്റാളിലെത്തി. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് അക്രമം ഒഴിവായത്. സംരക്ഷണ വലയത്തിനു മുന്നോടിയായി സ്റ്റാച്ചു ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററിനു മുന്നില്‍ എത്തിയപ്പോള്‍ നടന്ന സംരക്ഷണവലയം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് പ്രസിഡന്റ് കെ വി കിരണ്‍ രാജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ടി അഖില്‍ദാസ് സംസാരിച്ചു. സംരക്ഷണ വലയത്തില്‍ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം സി എന്‍ സുന്ദരന്‍, ഏരിയാ സെക്രട്ടറി പി വാസുദേവന്‍, കഥകളിയാചാര്യന്‍ ഫാക്ട് പത്മനാഭന്‍, അഡ്വ.എസ് മധുസൂദനന്‍, വി ജി സുധികമാര്‍, എ യു വിജു, ഐ എസ് സുബീഷ്, വി എസ് സത്യജിത്ത്, വി ബി വിപിന്‍ എന്നിവര്‍ അണിനിരന്നു. എന്‍ എസ് സുജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top