20 July Friday

ഡിവൈഎഫ്‌ഐ യുവജനപ്രതിരോധം ആഗസ്റ്റ് 15ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

തിരുവനന്തപുരം > ‘നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ യുവജനപ്രതിരോധം സംഘടിപ്പിക്കും. യുവജനപ്രതിരോധത്തിന് മുന്നോടിയായി  ആഗസ്റ്റ് ആദ്യവാരം പതിനാല് ജില്ലകളിലായി ജില്ലാഭാരവാഹികളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണജാഥകള്‍ സംഘടിപ്പിച്ചിരുന്നു. ജാഥകള്‍ക്ക് വമ്പിച്ച വരവേല്‍പാണ് കേരളീയസമൂഹം നല്‍കിയത്. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന ബിജെപി ഹിന്ദുത്വ വര്‍ഗ്ഗീയതയിലും നവഉദാരവല്‍കരണ നയത്തിലും ഊന്നികൊണ്ടാണ് കേന്ദ്രം ഭരിക്കുന്നത്.

മതത്തിന്റെയും ജാതിയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയുമെല്ലാം പേരിലുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതികൊടുക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍കരിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാര്‍ അനുഭവിച്ചുവരുന്ന സൗജന്യസേവനങ്ങളും സബ്‌സിഡികളും വെട്ടിക്കുറക്കുകയാണ്. തികച്ചും കോര്‍പ്പറേറ്റു താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈയൊരു സാഹചര്യത്തിലാണ് നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവജനപ്രതിരോധം തീര്‍ക്കുന്നത്.

രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ യുവജനപ്രതിരോധത്തിന്റെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വഞ്ചിയൂരില്‍ നടക്കുന്ന യുവജനപ്രതിരോധം ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് പാളയത്ത് നടക്കുന്ന യുവജനപ്രതിരോധം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.കെ.ശൈലജ പേരാവൂരിലും, കെ.ടി.ജലീല്‍ പെരിന്തല്‍മണ്ണയിലും, എ.സി.മൊയ്തീന്‍ തൃശൂരിലും എം.എം.മണി തൊടുപുഴയിലും ജെ.മേഴ്‌സികുട്ടി അമ്മ കൊട്ടിയത്തും ഉദ്ഘാടനം ചെയ്യും. വി.എസ്.അച്യുതാനന്ദന്‍ പേരൂര്‍ക്കടയില്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ ഇരിങ്ങാലക്കുടയിലും സെക്രട്ടറി എം.സ്വരാജ് മാനന്തവാടിയിലും  ട്രഷറര്‍ പി.ബിജു വടക്കഞ്ചേരിയിലും ഉദ്ഘാടനം ചെയ്യും. എം.പി.മാരായ പി.കരുണാകരന്‍ കാഞ്ഞങ്ങാടും, കെ.കെ.രാഗേഷ് ഉദുമയിലും എം.ബി.രാജേഷ് കുന്നംകുളത്തും, ജോയ്‌സ് ജോര്‍ജ് പീരുമേട്ടിലും ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ.പി.ജയരാജന്‍ കൊടകരയിലും, കെ.എന്‍.ബാലഗോപാല്‍ ചാത്തന്നൂരും, മുന്‍ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ ചാവക്കാടും ഉദ്ഘാടനം ചെയ്യും. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് റാന്നിയിലും സിനിമാതാരം മീര വാസുദേവ് ഫറോക്കിലും സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ പുതുശ്ശേരിയിലും യുവജനപ്രതിരോധം ഉദ്ഘാടനം ചെയ്യും.

എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു വടക്കാഞ്ചേരിയിലും സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് കണ്ണൂര്‍ എടക്കാടും സെക്രട്ടറി എം വിജിന്‍ ബാലുശേരിയിലും  ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.പി.ദിവ്യ, ബിജു കണ്ടക്കൈ, നിതിന്‍ കണിച്ചേരി, വി.പി.റജീന, എസ്.സതീഷ്, എ.എ.റഹീം എന്നിവര്‍ യഥാക്രമം നാട്ടിക, നീലേശ്വരം, പുഴയ്ക്കല്‍, കോഴിക്കോട് നോര്‍ത്ത്, പെരുമ്പാവൂര്‍, വര്‍ക്കല എന്നീ ബ്ലോക്കുകളില്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ്  സെക്രട്ടറിമാരായ കെ.രാജേഷ് വൈക്കത്തും പി.നിഖില്‍ കോഴിക്കോട് ടൗണിലും കെ.പ്രേംകുമാര്‍ കൊല്ലങ്കോടും വൈസ് പ്രസിഡന്റുമാരായ കെ.മണികണ്ഠന്‍ നാദാപുരത്തും, പി.കെ.അബ്ദുള്ള നവാസ് നിലമ്പൂരിലും ഐ.സാജു വെഞ്ഞാറമൂടിലും ഉദ്ഘാടനം ചെയ്യും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top