14 November Wednesday

‘നിപായെ പേടിക്കാതെ രക്തം നൽകാം’‐ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ കൂട്ടമായെത്തി രക്തം നൽകി ഡിവൈഎഫ്‌ഐ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

കോഴിക്കോട്‌ > നിപാ ഭീതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തം നൽകാൻ ആളുകൾ മടിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടമായെത്തി രക്തം നൽകി. ജില്ലാ പ്രസിഡന്റ‌് വി വസീഫ‌്, ട്രഷറർ  എൽ ജി ലിജീഷ‌്, സംസ്ഥാന കമ്മിറ്റിയംഗം പി ഷിജിത്ത‌്, ജില്ലാ സഹഭാരവാഹികളായ ടി കെ സുമേഷ‌്, കെ അഭിജേഷ‌്, ദീപു പ്രേമനാഥ‌്, കെ അരുൺ എന്നിവരുടെ നേതൃത്വത്തിലെത്തിയാണ‌് പ്രവർത്തകർ രക്തം നൽകിയത‌്.

വരുംദിവസങ്ങളിലും രക്തദാനത്തിന് സന്നദ്ധരായി കൂടുതൽ യുവാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുമെന്ന‌് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് അറിയിച്ചു. ഡിവൈഎഫ‌്ഐയുടെ  അഭിനന്ദനാർഹമായ പ്രവൃത്തി മാതൃകയാക്കി കൂടുതൽ പേർ രക്തം നൽകാൻ മുന്നോട്ട് വരണമെന്ന് ആശുപത്രി സൂപ്രണ്ട്  സജീത് കുമാർ പറഞ്ഞു. ആശുപത്രിയിലേക്ക് ഭയമില്ലാതെ കൂടുതൽ പേർക്ക് വരാനും രക്തം നൽകാനുമളള സന്ദേശം നൽകുന്നതാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ രക്തദാനമെന്ന് സൂപ്രണ്ട‌് പറഞ്ഞു.

രക്തമില്ലാത്തതിന്റെ പേരിൽ അടിയന്തര ശസ‌്ത്രക്രിയകൾവരെ  മുടങ്ങി പോകുമ്പോഴാണ‌്  ഡിവൈഎഫ‌്ഐ പ്രവർത്തകരുടെ സമയോചിത ഇടപെടൽ.

പ്രധാന വാർത്തകൾ
Top