Top
27
Tuesday, June 2017
About UsE-Paper

സംസ്ഥാനത്തെ പകുതിയിലേറെ കൃഷി നശിച്ചു: കേന്ദ്രസംഘം

Saturday Apr 22, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കടുത്ത വരള്‍ച്ചയില്‍ കേരളത്തില്‍ വന്‍ കൃഷിനാശമുണ്ടായെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. വരള്‍ച്ചമൂലം ചില മേഖലകളില്‍ 50 ശതമാനത്തിലധികം കൃഷിനശിച്ചതായി സംഘത്തിന്റെ തലവന്‍ കേന്ദ്ര കൃഷിമന്ത്രാലയ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍ പറഞ്ഞു.

ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. നാണ്യവിളകളും വന്‍തോതില്‍ നശിച്ചു. ദേശീയ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കത്തക്കവിധം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വരള്‍ച്ചാദുരിതം നേരില്‍ വിലയിരുത്താനെത്തിയ അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം ചര്‍ച്ചനടത്തി. കൃഷി, കുടിവെള്ളം, മൃഗസംരക്ഷണം ഉള്‍പ്പെടെ പ്രധാനമേഖലകളിലുണ്ടായ ആഘാതം സംഘം വിലയിരുത്തി.

കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുകണ്ട സ്ഥിതിയും ചേര്‍ത്ത് ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അശ്വിനികുമാര്‍ പറഞ്ഞു. ദേശീയതലസമിതി ഇത് പരിശോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ചെയര്‍മാനും കൃഷിമന്ത്രിയും ധനമന്ത്രിയും അംഗങ്ങളുമായ ഉന്നതതല സമിതിക്ക് ശുപാര്‍ശ സമര്‍പ്പിക്കും.

രണ്ടുസംഘങ്ങളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചശേഷമാണ് അശ്വിനികുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. നിതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസര്‍ മനേഷ് ചൌധരിയുടെ നേതൃത്വത്തിലുള്ളതാണ് രണ്ടാമത്തെ സംഘം. സംസ്ഥാനത്തെ കൃഷിയുടെയും നദികളുടെയും ജലസംഭരണികളുടെയും  അവസ്ഥ നേരിട്ട് വിലയിരുത്തിയതായി മനേഷ് ചൌധരി പറഞ്ഞു. വിവിധ ജില്ലകളിലെ കര്‍ഷകരുമായും ആശയവിനിമയം നടത്തി.

കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി  വിശദീകരിച്ചു. തോട്ടവിളകള്‍ കൂടുതലുള്ള കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി വരള്‍ച്ചയുടെ ആഘാതം ദീര്‍ഘകാലം നിലനില്‍ക്കും.കുടിവെള്ളപ്രശ്നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണമേഖലയെയും വരള്‍ച്ച ഇത്തവണ കൂടുതല്‍ ബാധിച്ചിട്ടുണ്ട്. കുടിവെള്ളം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇടുക്കിയിലടക്കം സംഭരണിയില്‍ ജലം ലഭ്യമാക്കാന്‍ കൃത്രിമമഴയുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വരള്‍ച്ചാബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ച് സംസ്ഥാനത്തിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തശേഷമാണ് കേന്ദ്രത്തെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചര്‍ച്ചയില്‍ മന്ത്രിമാരായ തോമസ് ഐസക്,  ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്,  വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവരും പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾ »