25 June Monday

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല; മറിച്ചുള്ള വാര്‍ത്തകള്‍ അസംബന്ധം: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2017

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യസഹായ പദ്ധതിയായ കാരുണ്യ നിര്‍ത്തലാക്കില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. കാരുണ്യ അടക്കം ഒരു ആരോഗ്യസഹായ പദ്ധതികളും നിര്‍ത്തലാക്കില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും തോമസ് ഐസക് അറിയിച്ചു. കാരുണ്യ അടക്കമുള്ള ആരോഗ്യസഹായ പദ്ധതികള്‍ നിര്‍ത്തലാക്കുന്നെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ, സുകൃതം തുടങ്ങി 9 സഹായപദ്ധതികള്‍ നിര്‍ത്തലാക്കുന്നെന്ന് തെറ്റായ വാര്‍ത്ത ചില മാധ്യമങ്ങള്‍ നല്‍കിയിരുന്നു.

കാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകളും ചില മാധ്യമങ്ങള്‍ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങും ചൂണ്ടിക്കാട്ടി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ പ്രതികരണം ചുവടെ:

ഇക്കഴിഞ്ഞദിവസങ്ങളില്‍ കാരുണ്യ ചികിത്സാസഹായ പദ്ധതി നിര്‍ത്താന്‍‌പോകുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊന്ന് ഉദ്ദേശിച്ചിട്ടേയില്ലെന്നും ഞാന്‍ ഇന്നലെത്തന്നെ ഫേസ്‌ബുക്കില്‍ വിശദീകരിച്ചിരുന്നു. എന്നിട്ടും ഇന്നു രാവിലത്തെ മനോരമയില്‍ അതേപ്പറ്റി ഭീകര എഡിറ്റോറിയല്‍! ഏഷ്യാനെറ്റില്‍ ഇതേകാര്യങ്ങള്‍ പറഞ്ഞു വാര്‍ത്ത.

കാരുണ്യയില്‍ അപേക്ഷിച്ചവരും സഹായം കിട്ടിക്കൊണ്ടിരിക്കുന്നവരുമായ രോഗികളും അവരുടെ ബന്ധുക്കളും ഇതെല്ലാം കണ്ടു പരിഭ്രാന്തരായി കാരുണ്യയുടെയും ലോട്ടറിവകുപ്പിന്റെയും ഓഫീസുകളിലേക്കൊക്കെ വിളിയോടുവിളി! പലരും എന്നെയും വിളിച്ചു. ഇല്ലാത്ത കഥകള്‍ പറഞ്ഞുപരത്തി എന്തിനാണു പാവങ്ങളെ ഇങ്ങനെ പരിഭ്രാന്തരാക്കുന്നത്? രോഗത്തിന്റെ ദുരിതങ്ങള്‍ പേറുന്ന കുടുംബങ്ങള്‍ക്ക് കുറേക്കൂടി ആശങ്കയും പരിഭ്രമവും ഉണ്ടാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ. വാര്‍ത്ത എഴുതുംമുമ്പ് എന്നെയോ മേല്പറഞ്ഞ ഓഫീസുകളിലോ ഒന്നു വിളിച്ചിരുന്നെങ്കില്‍ ശരിയായ കാര്യം പറയുമായിരുന്നല്ലോ.

ഒരിക്കല്‍ക്കൂടി പറയട്ടെ, കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. യു.ഡി.എഫ് ഭരണത്തില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് അഞ്ചുകൊല്ലവുംകൂടി ആകെ നല്‍കിയത് 775 കോടി രൂപയാണ്. ബജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം ഒരു വര്‍ഷംപോലും കാരുണ്യയ്ക്ക് അവര്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോള്‍ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഡിസംബര്‍ 31 വരെയുള്ള ഏഴുമാസത്തിനകം 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിച്ചിട്ടുമുണ്ട്. ഇതടക്കം ബജറ്റില്‍ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി ഉള്ളത് മാര്‍ച്ച് 31 നകം കൊടുക്കാനുള്ള 139 കോടി രൂപയാണ്. അതും നല്‍കും.

ഈ കാലതാമസം കൊണ്ട് രോഗികള്‍ക്ക് ചികിത്സാസഹായം കിട്ടുന്നതിന് തടസ്സമുണ്ടായിട്ടില്ല. കാരണം, സ്വകാര്യാശുപത്രികളില്‍, അനുവദിക്കുന്ന പണത്തില്‍നിന്ന് ചികിത്സ കഴിഞ്ഞ് ചെലവായ പണം റീഇംബേഴ്സ് ചെയ്യുകയാണു ചെയ്യുക. സര്‍ക്കാരാശുപത്രികളില്‍ മുന്‍കൂറായി പണം നല്‍കും. സ്വകാര്യ ആശുപത്രികളിലെ റീഇംബേഴ്‌സ്‌മെന്റ് ബില്‍ കുടിശികയില്ല. അടുത്തദിവസങ്ങളില്‍ വന്ന 25 കോടിയോളം രൂപയുടെ ബില്ലുകള്‍ പ്രോസസിങ്ങില്‍ ആണ്. അതിന്റെ വിതരണവും ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും.

ഈ സര്‍ക്കാര്‍ വന്നശേഷമാണ് നല്‍കിയ പണവും യഥാര്‍ത്ഥത്തില്‍ ചെലവായ പണവും ഒത്തുനോക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരാശുപത്രികളില്‍ അഡ്വാന്‍സ് നല്‍കിയ തുകയില്‍ ചെലവാകാന്‍ ഇനിയും ബാക്കിയുണ്ടെന്നാണ് പ്രാഥമികസൂചന. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ കാര്യത്തില്‍ മുന്‍സര്‍ക്കാര്‍ കാട്ടിയ കുറ്റകരമായ അനാസ്ഥയെപ്പറ്റി ഞാന്‍ ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ വിവരിക്കുകയുണ്ടായി. വസ്തുത അതായിരുന്നിട്ടും യുഡിഎഫ് ഗംഭീരമായി നടത്തി, എല്‍ഡിഎഫ് വന്നപ്പോള്‍ താറുമാറായി എന്നമട്ടില്‍ ആഖ്യാനം ചമയ്ക്കുന്നത് രാഷ്ട്രീയം മാത്രമാണ്.

പത്രസമ്മേളനം നടത്തി കാര്യമെല്ലാം വിശദീകരിച്ചുകഴിഞ്ഞപ്പോള്‍, ഇതാ മനോരമ ഓണ്‍ലൈനില്‍ പിന്നെയും തലകിഴുക്കാംപാട്! രാമായണം മുഴുവന്‍ വായിച്ചുകേട്ടിട്ട് ‘അപ്പോള്‍ സീത രാമന്റെ പെങ്ങളല്ലേ’ എന്നു ചോദിച്ചമാതിരി പഴയ അബദ്ധപഞ്ചാംഗം കോപ്പി പേസ്റ്റ് ചെയ്തു വച്ചിരിക്കുന്നു! അബദ്ധം എഴുതിപ്പോയതിന്റെ ചളിപ്പാവും. ‘തല്ലണ്ടാ അമ്മാവാ, ഞാന്‍ നന്നാവില്ല’ എന്നു പ്രഖ്യാപിച്ചാല്‍ പിന്നെ നമുക്കൊന്നും ചെയ്യാനാവില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top