23 September Sunday

വരവുചെലവ് സൂക്ഷിക്കാന്‍ മൊബൈൽ ആപ്പ് റെഡി

സി ജെ ഹരികുമാർUpdated: Sunday Jul 15, 2018

 


വീട്ടിലെ ദൈനംദിന ചെലവുകൾ ഡയറിയിലും ബുക്കിലും എഴുതി സൂക്ഷിക്കുന്നതിന് പകരമായി മൊബൈൽ ആപ്പിലൂടെ സൂക്ഷിക്കാൻ സംവിധാനം ഒരുങ്ങി. കണക്കുബുക്ക് എന്ന പുതിയ ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്താല്‍ മതി. യാത്ര ചെലവ്, പച്ചക്കറി‐ പലചരക്ക് ചെലവ്  തുടങ്ങി എല്ലാ വിധ ചെലവും ദിവസംതിരിച്ച് ശേഖരിച്ചുവയ്ക്കാൻ ആപ്പിനാകും. വടാക്കാഞ്ചേരി സ്വദേശിയും അധ്യാപകനുമായ എൻ ബി രഘുനാഥാണ് ആപ്പിന്റെ സൃഷ്ടാവ്. മൾട്ടിമീഡിയ അധ്യാപകനായ രഘുനാഥ് സ്വന്തമായാണ് ആപ്പ് നിർമിച്ചത്. ഇതിനായി ബംഗളൂരുവിൽനിന്ന് ആപ്പ് ഡെവലപ്പിങിൽ ക്രാഷ് കോഴ്സും  പൂർത്തിയാക്കി.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ സംവിധാനത്തിൽ ബിരുദം നേടിയിട്ടുള്ള രഘുനാഥ് കാക്കനാട് ഭാരതമാതാ കോളേജിൽ അധ്യാപകനായിരുന്നു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് കൃഷിയും മറ്റും നോക്കിനടത്താനായി ജോലി ഉപേക്ഷിച്ചു. വിവിധ സ്ഥലങ്ങളിൽ ഗസ്റ്റ‌് അധ്യാപകനായി ജോലി നോക്കി. ഇതിനിടയിലാണ് വീട്ടിലെ കണക്കുകൾ സൂക്ഷിക്കാൻ ആപ്പ് എന്ന ആശയം ഉദിച്ചത്. തുടർന്ന് ആപ്പ് നിർമിച്ച് തെറ്റുകുറ്റങ്ങൾ തീർത്ത് ഗൂഗിളിന് സമർപ്പിച്ചു. വിവിധ ഗുണനിലവാര പരിശോധനകൾ പൂർത്തീകരിച്ച് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഉൾപ്പെടുത്തി. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാലായിരത്തിലധികം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്.

ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന കണക്കുബുക്ക് ആപ്പ് ആദ്യം സ്വന്തം പേര് ഉപയോഗിച്ച് രജിസ്റ്റർ ചെയുക. തുടർന്ന് യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതോടെ സ്ക്രീനിൽ കണക്കുകൾ രേഖപെടുത്താം.

മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഫോണിന്റെ റാം മെമ്മറി വളരെ കുറച്ച് ഉപയോഗിക്കുന്നു എന്നതാണ് കണക്ക് ബുക്കിന്റെ പ്രത്യേകത.

ആപ്പിന്റെ കണക്കുകൂട്ടലുകൾ സെർവറിൽ നടക്കുന്നതിനാൽ ഇത് ഒരുതരത്തിലും ഫോണിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് രഘുനാഥ് പറയുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top