15 November Thursday

നന്മയായി യുവ ഡോക്ടര്‍; ആദിവാസി യുവതിക്ക് മരണത്തില്‍നിന്ന് മടക്കം

സി ജെ ഹരികുമാര്‍Updated: Sunday Jun 17, 2018


പത്തനംതിട്ട

പെരുമഴയില്‍ ആനത്താരകള്‍ പിന്നിട്ട് ദുര്‍ഘടമായ വനത്തിനുള്ളിലെത്തി ഡോ. അരുണ്‍ പ്രസേനന്‍ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയത് പ്രസവത്തെ തുടര്‍ന്ന് മരണത്തോട് മല്ലടിച്ച ആദിവാസി യുവതിയെയും നവജാത ശിശുവിനെയും. പത്തനംതിട്ട ജില്ലയിലെ പ്ലാപ്പള്ളി വനമേഖലയില്‍ 23 കാരിയായ ആദിവാസി യുവതി ചിഞ്ചുവിനാണ് ഡോ. അരുണ്‍ പ്രസേനനന്റെ മഹനീയ സേവനം മൂലം ജീവന്‍ തിരികെ കിട്ടിയത്. 
പീരുമേട് സ്വദേശികളായ മനോജ്കുമാറിന്റെയും ചിഞ്ചുവിന്റെയും രണ്ടാമത്തെ കുട്ടിയാണ് ഇത്.

ബുധനാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് പ്ലാപ്പള്ളി വനത്തിനുള്ളില്‍ ചിഞ്ചുവിന് പ്രസവ വേദന ഉണ്ടായത്. ഇവര്‍ ഒരു മാസമായി പ്ലാപ്പള്ളി വനമേഖലയില്‍ ഷെഡ്‌കെട്ടി കഴിയുകയായിരുന്നു. പീരുമേട് ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയോട് പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ അത് അവഗണിച്ചു. മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. എസ്‌സി പ്രമോട്ടര്‍മാര്‍ പ്ലാപ്പള്ളിയിലെത്തി നിര്‍ദേശിച്ചതിനെതുടര്‍ന്ന് ഒരു തവണ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 11ന് ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ എത്തിയില്ല.


ബുധനാഴ്ച വൈകിട്ടോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചു. തുടര്‍ന്ന് വനത്തിനുള്ളില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ മറുപിള്ള പുറത്തുപോകാഞ്ഞതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായി യുവതി ഗുരുതരാവസ്ഥയിലായി. ഭര്‍ത്താവ് പെരുനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ നേഴ്‌സിനെ വൈകിട്ട് നാലരയോടെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ അരുണ്‍ പ്രസേനനന്‍ ആംബുലന്‍സ് ഡ്രൈവര്‍ മനോജുമൊത്ത് പ്ലാപ്പള്ളിക്ക് തിരിച്ചത്. ആന ഇറങ്ങുന്ന സമയത്ത് കനത്ത മഴയെ അവഗണിച്ചാണ് ഡോക്ടര്‍ എത്തുന്നത്.

യുവതിയുടെ അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കിയ ഡോക്ടര്‍ യുവതിയുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ മലമുകളില്‍നിന്ന് ചുമന്ന് യുവതിയെ ആംബുലന്‍സില്‍ കയറ്റി. സ്ഥിതി വഷളായതിനാല്‍ പെരുനാട് ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തി അവിടെ സജ്ജമാക്കിയിരുന്ന ഡ്രിപ്പ് നല്‍കി. ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഡോ. ആശിഷിനെ ഡോ. അരുണ്‍ വിവരങ്ങള്‍ ധരിപ്പിച്ചതനുസരിച്ച് ഓപ്പറേഷന്‍ തീയേറ്റര്‍ ഒരുക്കുകയും ചെയ്തു.
ഡോ. അരുണ്‍ പ്രസേനന്‍

ഡോ. അരുണ്‍ പ്രസേനന്‍



രാത്രി ഏഴേകാലോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഷീബാ ദാസ് മറുപിള്ള വേര്‍പെടുത്തി. അടിയന്തരമായി രണ്ട് കുപ്പി രക്തം നല്‍കി. ഇതോടെ അപകടനില തരണംചെയ്തു. അല്‍പം വൈകിയിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ നഷ്ടമാകുമായിരുന്നു.ഡോക്ടറുടെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമങ്ങളിലടക്കം അഭിനന്ദന പ്രവാഹമാണ്.

തിരുവനന്തപുരം വെഞ്ഞാറമൂട് ആര്യഭവനില്‍ പരേതനായ പ്രസേനന്റെയും തങ്കമണിയുടെയും മകനായ ഡോ. അരുണ്‍ പ്രസേനന്‍ പെരുനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറാണ്. യുവതിയുടെ ജീവന്‍ രക്ഷിച്ച വാര്‍ത്തയറിഞ്ഞ് ആരോഗ്യമന്ത്രി കെ കെ ശൈലജ അരുണിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും അഭിനന്ദിക്കുകയും ചെയ്തു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top