14 December Friday

ശബരിമല സ്ത്രീപ്രവേശം: ദേവസ്വം ബോർഡ് സാവകാശം തേടും

സി ജെ ഹരികുമാർUpdated: Friday Nov 16, 2018

പമ്പ > ശബരിമലയിൽ പത്തിനും 50നും ഇടയിലുള്ള യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് സാവകാശം തേടും. ഇത് സംബന്ധിച്ച് ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകും. ശനിയാഴ്‌ചയോ തിങ്കളാഴ്‌ചയോ ആകും ഹർജി സമർപ്പിക്കുക. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് പമ്പയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. സാധിക്കുമെങ്കിൽ ശനിയാഴ്‌ച തന്നെ ഹർജി സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എ പത്മകുമാർ പറഞ്ഞു.

പ്രളയത്തിൽ പമ്പയിലെ കെട്ടിടങ്ങൾ ഭൂരിഭാഗവും തകർന്നു. ഈ പ്രത്യേക സാഹചര്യവും ശബരിമല വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം വകുപ്പും  സെൻട്രൽ എംപവർ കമ്മിറ്റിയും ഒരു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് നിർദ്ദേശിച്ചത്. അതുപോലെ തന്നെ ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സൗകര്യമൊരുക്കാൻ കൂടുതൽ വനഭൂമി ലഭ്യമാക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താനാണ് ബോർഡ് ശ്രമിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷങ്ങൾക്കും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളും സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ബോർഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ഉൾപ്പടെ ഉയർന്ന് വന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബോർഡ് തീരുമാനമെന്നും എ പത്മകുമാർ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ ചന്ദ്രദേവ് സിങ്ങ് ബോർഡിനായി ഹർജി സമർപ്പിക്കും.

കാലാവധി ആവശ്യപ്പെടുമെങ്കിലും എത്ര നാൾ എന്ന് ബോർഡ് ആവശ്യപ്പെടില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നതിൽ തർക്കമില്ല. എന്നാൽ കാലതാമസം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രസിഡൻറ് പറഞ്ഞു.

സന്നിധാനത്ത് അപ്പം അരവണ കൗണ്ടറും കടകമ്പോളങ്ങളും രാത്രി 10 ന് അടക്കണമെന്ന പൊലീസ് നിർദ്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഒഴിവാക്കിയിട്ടുണ്ട്. ആചാരപരമായ ഒരു കാര്യത്തിലും ബോർഡ് വിട്ടുവീഴ്‌ചയ്ക്കില്ല. മാധ്യമ പ്രവർത്തകരുടെയും തീർഥാടകരുടെയും മറ്റും  പരാതികളിൽ നാളെ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പത്മകുമാർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top