Top
18
Wednesday, October 2017
About UsE-Paper

കലോത്സവം: മികച്ച കവറേജിനുള്ള അവാര്‍ഡ് ദേശാഭിമാനിക്ക്

Saturday Feb 18, 2017
സ്വന്തം ലേഖകന്‍

തിരുവനന്തപുരം> കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച കവറേജിനുള്ള അവാര്‍ഡ് ദേശാഭിമാനിക്ക്. പത്ര മാധ്യമ രംഗത്തെ മികച്ച കവറേജിനാണ് അവാര്‍ഡ്. മലയാള മനോരമയും അവാര്‍ഡ് പങ്കിട്ടു. 25,000 രൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 22ന് രാവിലെ 11ന് സെക്രട്ടറിയറ്റ് പി ആര്‍ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മാനിക്കും.

മനോരമയിലെ സന്തോഷ് ജോണ്‍ തൂവല്‍ ആണ് മികച്ച റിപ്പോര്‍ട്ടര്‍. കേരള കൌമുദിയിലെ കോവളം സതീഷ് കുമാര്‍, മാതൃഭൂമിയിലെ വിമല്‍ കോട്ടയ്ക്കല്‍, മാധ്യമത്തിലെ രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. മികച്ച രൂപകല്‍പനയ്ക്കുള്ള അവാര്‍ഡ് മാതൃഭൂമിയ്ക്കാണ്. വാര്‍ത്താ ചിത്രത്തിന് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ടി കെ പ്രദീപ് കുമാറിനെ തെരഞ്ഞെടുത്തു. കേരള കൌമുദിയിലെ എന്‍ ആര്‍ സുദര്‍മ്മദാസിന് പ്രത്യേക പരാമര്‍ശമുണ്ട്. കൌമുദിയിലെ ടി കെ സുജിത്താണ് മികച്ച കാര്‍ട്ടൂണിസ്റ്റ്.

മികച്ച കവറേജിന് ദൃശ്യമാധ്യമത്തിനുള്ള അവാര്‍ഡ് എഷ്യാനെറ്റ് ന്യൂസിനാണ്. മാതൃഭൂമി ന്യൂസിലെ മുഹമ്മദ് നൌഫലാണ് മികച്ച റിപ്പോര്‍ട്ടര്‍. അമൃതാ ടിവിയിലെ ശ്യാം കെ വാര്യര്‍, റിപ്പോര്‍ട്ടര്‍ ടിവിയിലെ സി എസ് ഹൈദരലി എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ ജി കെ പി വിജേഷാണ് മികച്ച കാമറാമാന്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രവീണ്‍ ധര്‍മ്മശാല, ഏഷ്യാനെറ്റ് ന്യൂസിലെ കെ ആര്‍ മുകുന്ദന്‍ എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശമുണ്ട്.

ഇംഗ്ളീഷ് പത്രങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ ദി ഹിന്ദുവിലെ പി കെ അജിത് കുമാര്‍ അര്‍ഹനായി. മികച്ച രൂപകല്‍പനയ്ക്ക് ഡെക്കാണ്‍ ക്രോണിക്കള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈന്‍ പത്രത്തിനുള്ള അവാര്‍ഡ് മലയാള മനോരമ ഓണ്‍ലൈന്‍ നേടി. കേരള കൌമുദി ഓണ്‍ലൈനിന് പ്രത്യേക പരാമര്‍ശമുണ്ട്. ശ്രവ്യമാധ്യമങ്ങളില്‍ റേഡിയോ മാംഗോയ്ക്കാണ് പുരസ്കാരം. വ്യക്തികള്‍ക്ക് 20,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000 രൂപയും ശില്‍പവുമാണ് അവാര്‍ഡ്. കെ യു ബാലകൃഷ്ണന്‍, ടി എ സുരേഷ് ബാബു, കെ അജിത് എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!