24 September Monday

മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠനായിരുന്നു തോമസ് മാര്‍ അത്തനാസിയോസ് തിരുമേനി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

തിരുവനന്തപുരം > ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്തയുടെ അപകട മരണം നടുക്കമുണര്‍ത്തുന്ന വിയോഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുമേനിയുടെ മരണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠനായിരുന്നു തോമസ് മാര്‍ അത്തനാസിയോസ് തിരുമേനി. വ്യക്തിപരമായി വളരെയടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അരമനയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ അവിസ്മരണീയമാണ്.

 വികസന കാര്യങ്ങളിലടക്കം അദ്ദേഹത്തിന് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. സഹായ മനോഭാവമുള്ള മനുഷ്യ സ്‌നേഹിയായിരുന്നു എന്റെ അടുത്ത സുഹൃത്തുകൂടിയായ തിരുമേനി.ചെങ്ങന്നൂരിലെ വികസന പദ്ധതികള്‍ക്കെല്ലാം നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. എല്ലാ വിഷയങ്ങളിലും അഗാധമായ ജ്ഞാനമുള്ള ആ പുരോഹിത ശ്രേഷ്ഠന്‍ അരമനയ്ക്കുള്ളില്‍ ചടഞ്ഞിരിക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.

 എല്ലാവരുമായും നല്ല സ്‌നേഹബന്ധം വെച്ച് പുലര്‍ത്താനും വിവിധ വിഷയങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.തിരുമേനിയുടെ വിയോഗം ഓര്‍ത്തഡോക്‌സ് സഭയ്ക്കും കേരളീയ സമൂഹത്തിനും തീരാ നഷ്ടമാണെന്നും കോടിയേരി അനുശോചിച്ചു



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top